Thursday, September 3, 2026

ലഹരിക്കേസ് : ഓപറേഷൻ തൂഫാൻ, കോഴിക്കോടും പാലക്കാടും ഇ.ഡി റെയ്ഡ്, പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസുമായുള്ള ബന്ധം അന്വേഷിക്കുന്നു


ലഹരിക്കെതിരായ പോരാട്ടത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സജീവമായി. 'ഓപറേഷൻ തൂഫാൻ' എന്ന പേരിൽ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് ആരംഭിച്ചു. കേന്ദ്രസേനയുടെ കനത്ത കാവലിൽ ഇന്ന് പുലർച്ചെ മുതൽ പരിശോധന നടക്കുകയാണ്.

പെരുമ്പാവൂരിൽ പതിനെട്ട് കിലോ ഹൈബ്രീഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് റെയ്ഡിന് പിന്നിൽ. കോഴിക്കോട് എരഞ്ഞിപ്പാലം നാഗത്തും പാടത്തുള്ള ജഗത്ത്, ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് സ്വദേശിയായ ജയ്സൽ എന്നിവരുടെ വീടുകളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. നിലവിൽ കോഴിക്കോട് കൂടാതെ പാലക്കാടും സമാനമായ റെയ്ഡ് നടക്കുന്നുണ്ട്.

റെയ്ഡ് വിവരം അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. പോലീസിനോ മാധ്യമങ്ങൾക്കോ ഇതിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. റെയ്ഡ് ആരംഭിച്ച ശേഷമാണ് വാർത്ത പുറത്തുവരുന്നത്.

കഴിഞ്ഞ ജൂൺ 24നാണ് പെരുമ്പാവൂരിൽ നിന്ന് പതിനെട്ട് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു. വൈപ്പിൻ സ്വദേശികളായ ആയുഷ്, ഭാര്യ അനഘ എന്നിവരെയാണ് ആദ്യം പിടികൂടിയത്. ഇവരിൽ നിന്നും ഒരു കിലോ കഞ്ചാവും കണ്ടെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂരിലെ ഫ്ലാറ്റിൽ കൂടുതൽ ലഹരി വസ്തുക്കൾ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 17 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. കൂടാതെ എട്ടുപേർ കൂടി കസ്റ്റഡിയിലായി.

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയായിരുന്നു പെരുമ്പാവൂരിൽ നടന്നത്. ഇപ്പോഴത്തെ കോഴിക്കോടും പാലക്കാടും നടക്കുന്ന പരിശോധനകളിൽ ലഹരി ഇടപാട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.


Post a Comment

Whatsapp Button works on Mobile Device only