Thursday, September 3, 2026

വീടിനു മുന്നിലെ 'ജീപ്പ് സ്റ്റേഷൻ' വാർത്ത നിർമ്മിതം; വ്യക്തിഹത്യ നടത്താൻ ശ്രമമെന്ന് പിണറായി വിജയൻ

 


​കണ്ണൂർ: പിണറായിയിലെ തന്റെ വീടിനു മുന്നിൽ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുവെന്ന രീതിയിൽ മാധ്യമങ്ങളും ചില വ്യക്തികളും നടത്തുന്ന പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കെതിരെ നടക്കുന്ന നിർമ്മിത വാർത്തകളും അപകീർത്തികരമായ പ്രചാരണങ്ങളും ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

​സുരക്ഷാ നടപടികളുടെ ഭാഗമായി പോലീസിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രമാണ് അവിടെ നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായിയിലെ വീടിന് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിട്ടില്ല. ഔദ്യോഗിക സുരക്ഷയുടെ ഭാഗമായി എത്തിയ പോലീസ് വാഹനം കേടായി കിടക്കുകയായിരുന്നു. വാഹനം അവിടെനിന്ന് മാറ്റി റിപ്പയർ ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാൽ അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും അത് മാറ്റാത്തതിൽ പോലീസാണ് കാരണം വിശദീകരിക്കേണ്ടത്.

​താൻ വ്യക്തിപരമായി വീടിന് സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും, മന്ത്രിമന്ദിരങ്ങൾക്ക് മുന്നിൽ കാവൽ നിൽക്കുന്നത് പോലെയുള്ള സാധാരണ നടപടി മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെ 'മലയാള മനോരമ' ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഡോ. ആസാദിനെ പോലെയുള്ളവരുടെ പ്രതികരണങ്ങൾ കൂടി ചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു.

Post a Comment

Whatsapp Button works on Mobile Device only