ബാലുശ്ശേരി: കുറുമ്പൊയിൽ ഭാഗത്ത് താമരശ്ശേരി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 25 ലിറ്റർ നാടൻ വാറ്റുചാരായവുമായി ഒരാൾ പിടിയിലായി. കുറുമ്പൊയിൽ സ്വദേശി സന്തോഷ് കുമാർ (44) ആണ് എക്സൈസിന്റെ പിടിയിലായത്.
താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസ് പരിധിയിലെ കുറുമ്പൊയിൽ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് വൻ തോതിൽ സൂക്ഷിച്ചിരുന്ന വാറ്റുചാരായം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്.
പ്രിവന്റീവ് ഓഫീസർ കെ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ധനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നൗഷീർ, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) പ്രജീഷ് എന്നിവരും പങ്കെടുത്തു.
അറസ്റ്റിലായ സന്തോഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment