Tuesday, February 3, 2026

വാർദ്ധക്ക്യത്തിലും പ്രണയം നഷ്ട്ടപ്പെടാതെ സൂക്ഷിച്ചു വെച്ച രണ്ടു പേർ


നാടക–സിനിമാരംഗത്തെ പ്രേക്ഷകർക്ക് ഒരുപോലെ പരിചിതമായ രണ്ട് മുഖങ്ങൾ, സരസ ബാലുശേരിയും മുഹമ്മദ് പേരാമ്പ്രയും, മൂന്നു പതിറ്റാണ്ടിന് ശേഷം വീണ്ടും ഒരുമിക്കുന്നു. കാലം കടന്നുപോയിട്ടും കലയുടെ തിളക്കം മങ്ങാതെ സൂക്ഷിക്കുന്ന ഈ രണ്ട് കലാകാരന്മാരുടെ സംഗമം, ബാലുശ്ശേരി മണ്ണിൽ ഒരു ഹ്രസ്വചിത്രത്തിലൂടെയാണ് സാക്ഷാത്കരിച്ചത്.

നാലര പതിറ്റാണ്ടിലേറെയായി നാടക വേദികളിൽ സജീവമായ മുഹമ്മദ് പേരാമ്പ്രയും, തന്റെ ജീവിതം തന്നെ നാടകത്തിനും സിനിമയ്ക്കുമായി സമർപ്പിച്ച സരസ ബാലുശേരിയും, മൂന്നു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരേ ഫ്രെയിമിൽ എത്തുന്നത് കലാസ്വാദകർക്കു അപൂർവ അനുഭവമാണ്. കഴിഞ്ഞ ദിവസം ബാലുശ്ശേരിയിൽ നടന്ന ചിത്രീകരണത്തിലൂടെയാണ് ഈ ചരിത്രസന്ധി യാഥാർത്ഥ്യമായത്.

“പ്രായം ഒന്നിനും വിഘാതമല്ല” എന്ന ശക്തമായ സന്ദേശം മുന്നോട്ടുവയ്ക്കുന്ന ‘റ്റാറ്റാ’ എന്ന ഹ്രസ്വചിത്രമാണ് ഈ കലാസംഗമത്തിന് വേദിയൊരുക്കിയത്. യുവസംവിധായകൻ ഷിജിത്ത് പേരാമ്പ്രയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സരസ ബാലുശേരി, മുഹമ്മദ് പേരാമ്പ്ര എന്നിവർക്കൊപ്പം ദിലീപ് ഹരിതം അടക്കമുള്ളവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

നാടിന്റെ സാധാരണ ജീവിതവും മനുഷ്യബന്ധങ്ങളുടെ ആഴവും സ്വാഭാവികമായി അവതരിപ്പിക്കുന്നതിൽ ‘റ്റാറ്റാ’ക്ക് പ്രത്യേകതയുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി നാട്ടുകാരെ തന്നെ അവതരിപ്പിപ്പിച്ചിരിക്കുന്നത് ഹ്രസ്വചിത്രത്തിന് യാഥാർത്ഥ്യത്തിന്റെ ഊഷ്മളത നൽകുന്നു.

കലയും ജീവിതവും ഒരുപോലെ ചേർന്നുനിൽക്കുന്ന ഈ ഹ്രസ്വചിത്രം, പ്രേക്ഷകർക്ക് ഒരു അനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. വാലന്റൈൻസ് ഡേയായ ഫെബ്രുവരി 14ന് ‘റ്റാറ്റാ’ പുറത്തിറങ്ങും.

Post a Comment

Whatsapp Button works on Mobile Device only