പൂനൂർ: പൂനൂർ പുഴയുടെ ചോയിമഠം ഭാഗത്ത് പുഴയിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധരുടെ നടപടി പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. ഒരേ സ്ഥലത്ത് ഇത് മൂന്നാം തവണയാണ് മാലിന്യം തള്ളുന്നത്. പുഴയെ ആശ്രയിച്ച് കഴിയുന്നവർക്കും പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും ഈ സാഹചര്യം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
കടുത്ത ദുർഗന്ധത്തിനൊപ്പം മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ ഇതിൽക്കൂടുതൽ എന്ത് സാഹചര്യം വേlമന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇതിനു മുൻപ് തിരുവമ്പാടി വെച്ച് മാലിന്യം തള്ളിയ ഒരു ടിപ്പർ ലോറിയെ നാട്ടുകാർ പിടികൂടിയിരുന്നു. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതിനു പിന്നിൽ വലിയൊരു സംഘവും ശക്തമായ നെറ്റ്‌വർക്കുമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. പിടിക്കപ്പെട്ടാൽ പകരം മറ്റൊരു ലോറി ഉടൻ രംഗത്തിറക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം. മാത്രമല്ല, നമ്പർ പ്ലേറ്റുകൾ പോലും വെക്കാതെയാണ് ഈ ലോറികൾ സർവീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
നാടിന്റെ ജീവനാഡിയായ പൂനൂർ പുഴയെ ഇത്തരക്കാർ നശിപ്പിക്കുമ്പോൾ നോക്കിനിൽക്കാൻ കഴിയില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം. നാട്ടുകാരും യുവജനങ്ങളും ഒത്തൊരുമിച്ച് ഇതിനെതിരെ രംഗത്തിറങ്ങേണ്ട സമയം കഴിഞ്ഞിരിക്കുകയാണെന്നും, ഇതിനെതിരെ ശക്തമായ പ്രക്ഷോപ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പുഴയോര വാസികളെന്നും അറിയിച്ചു.

Post a Comment