Tuesday, October 27, 2026

പേരാമ്പ്ര മരക്കാടി തോട്ടിൽ ചുവന്ന വെള്ളം: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്; പച്ചവെള്ളം കുടിക്കരുത്

 


​പേരാമ്പ്ര: മരക്കാടി തോട്ടിൽ അരമണിക്കൂറോളമായി ചുവന്ന നിറത്തിൽ വെള്ളമൊഴുകിയത് നാട്ടുകാരിൽ കടുത്ത ആശങ്ക പടർത്തുന്നു. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

​പ്രദേശവാസികൾ പച്ചവെള്ളം കുടിക്കുന്നതും തോട്ടിൽ കുളിക്കുന്നതും തുണിയലക്കുന്നതും പൂർണ്ണമായും നിർത്തിവെക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കി.

​സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് അധികൃതർ തോതിലെ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ബുധനാഴ്ച പ്രദേശത്ത് വ്യാപകമായി ക്ലോറിനേഷൻ നടത്തുമെന്നും അധികൃതർ അറിയിച്ചു.

​അതേസമയം, മുൻപും ഈ തോട്ടിൽ കറുത്ത നിറത്തിൽ മലിനജലമൊഴുകി മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തോട്ടിലെ ചുവന്ന വെള്ളം കാരണം സമീപത്തെ കിണറുകളിലെ ജലസ്രോതസ്സുകൾ മലിനമാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. തോട് മലിനമാക്കിയതിന്റെ ഉറവിടം അടിയന്തരമായി കണ്ടെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Whatsapp Button works on Mobile Device only