പേരാമ്പ്ര പഞ്ചായത്തിലെ മരക്കാടി തോട്ടിൽ പെട്ടെന്ന് ചുവന്ന നിറത്തിൽ വെള്ളം ഒഴുകിയെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച ചുവന്ന വെള്ളത്തിന്റെ ഒഴുക്ക് അരമണിക്കൂറിലധികം നീണ്ടുനിന്നു. വെള്ളത്തിന്റെ നിറം മാറ്റത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തോടിന്റെ സമീപത്തുള്ള നിരവധി വീടുകളിലെ കിണറുകളിലേക്ക് ഈ മലിനജലം ഉറവയായി ഇറങ്ങുമോ എന്നാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. കുഞ്ഞുങ്ങളടക്കമുള്ള കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സുകൾ മലിനമായാൽ പ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്.
പരാതികൾ അവഗണിക്കുന്നതായി ആരോപണം
സംഭവം ഉടനടി പഞ്ചായത്ത് മെമ്പറെയും ജനപ്രതിനിധികളെയും അറിയിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മുൻപും ഈ തോട്ടിൽ സമാനമായ സംഭവം നടന്നിട്ടുണ്ട്. അന്ന് കറുത്ത നിറത്തിലുള്ള വെള്ളം ഒഴുകിയെത്തുകയും തോട്ടിലെ മീനുകളും പാമ്പുകളും ചത്തുപൊങ്ങുകയും ചെയ്തിരുന്നു. അന്നും അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മലിനീകരണ ഉറവിടം കണ്ടെത്തണം
പ്രദേശത്തെ മത്സ്യ മാർക്കറ്റിൽനിന്ന് രാത്രികാലങ്ങളിൽ മാലിന്യങ്ങൾ തോട്ടിലേക്ക് തള്ളാറുള്ളതായി നേരത്തെ പരാതി ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ കണ്ട ചുവന്ന വെള്ളം ഇതിൽ നിന്നുള്ളതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. നാട്ടുകാരെ ഇവിടെനിന്ന് കുടിയൊഴിപ്പിക്കാനുള്ള എന്തെങ്കിലും ബോധപൂർവ്വമായ ശ്രമമാണോ ഇതിന് പിന്നിലെന്ന സംശയവും ചില പ്രദേശവാസികൾ പങ്കുവെക്കുന്നുണ്ട്.
സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ തോട്ടിലെ വെള്ളവും പരിസരത്തെ കിണറുകളിലെ വെള്ളവും അടിയന്തരമായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പഞ്ചായത്ത്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ അടിയന്തരമായി ഇടപെട്ട് കുടിവെള്ള സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment