Wednesday, October 28, 2026

എളേറ്റിൽ വട്ടോളിയിൽ വിദ്യാർത്ഥികളുടെ അപകടകരമായ ഡ്രൈവിംഗ് പതിവാകുന്നു

 




എളേറ്റിൽ വട്ടോളി: എളേറ്റിൽ വട്ടോളി പ്രദേശത്തും പരിസര റോഡുകളിലും (എളേറ്റിൽ - പൂനൂർ റോഡ്, എളേറ്റിൽ - നെരോത്ത് റോഡ് ഉൾപ്പെടെ) ഹെൽമറ്റോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നത് പതിവാകുന്നു. സ്കൂൾ വിദ്യാർത്ഥികൾ രണ്ടും മൂന്നും പേരെ കയറ്റി അമിതവേഗതയിൽ വാഹനങ്ങൾ പായിക്കുന്നത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രികർക്കും വലിയ ഭീഷണിയാണുയർത്തുന്നത്. 


ഏതാനും ദിവസങ്ങൾക്ക് മുൻപ് വിദ്യാർഥികൾ സഞ്ചരിച്ച ആക്സെസ്സ് സ്‌കൂട്ടർ ഒരു കാറിൽ തട്ടി അപകടമുണ്ടാക്കുകയും, നിർത്താതെ പോകുകയും ചെയ്ത ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാരിലും രക്ഷിതാക്കളിലും വലിയ ആശങ്കയാണ് ഉടലെടുത്തിട്ടുള്ളത്.


രാവിലെയും വൈകുന്നേരവും സ്കൂൾ സമയങ്ങളിലാണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ഏറുന്നത്. കുട്ടികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവും പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ പരിശോധനകൾ കുറഞ്ഞതുമാണ് ഇത്തരക്കാർക്ക് തണലാകുന്നത്.

​വലിയൊരു ദുരന്തം സംഭവിക്കുന്നതിന് മുൻപ് മോട്ടോർ വാഹന വകുപ്പും പോലീസും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെയും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം വിട്ടുനൽകുന്ന രക്ഷിതാക്കൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.





Post a Comment

Whatsapp Button works on Mobile Device only