ദില്ലി: ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെൻഷൻ, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വയോജന പെൻഷൻ പദ്ധതി, വിധവ പെൻഷൻ പദ്ധതി എന്നിവയുടെ പേരുകളാണ് മാറ്റുന്നത്.ഇന്ദിരാഗാന്ധിക്ക് പകരം 'പ്രധാനമന്ത്രി' (പി.എം) എന്ന പേര് ചേർത്തായിരിക്കും പദ്ധതികൾ ഇനി അറിയപ്പെടുക.
ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം എന്ന വയോജന പെൻഷൻ പദ്ധതി ഇനി പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന എന്ന് അറിയപ്പെടും. കൂടാതെ, ഭിന്നശേഷി പെൻഷൻ പദ്ധതിയിൽ നിന്നും വിധവാ പെൻഷൻ പദ്ധതിയിൽ നിന്നും സർക്കാർ ഇന്ദിരാഗാന്ധിയുടെ പേര് മാറ്റി. രണ്ടിലും പകരം പ്രധാനമന്ത്രി എന്ന് ചേർത്തു.ദേശീയ കുടുംബ സഹായ പദ്ധതി, ദേശീയ സാമൂഹ്യ സുരക്ഷാ സഹായ പദ്ധതി എന്നിവയുടെയും പേരുകൾ ഹിന്ദിയിലേക്ക് ആക്കി.
അതേസമയം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ അഞ്ചു കൊല്ലത്തേക്ക് കൂടി തുടരാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 53,000 കോടി രൂപയാണ് നീക്കിവെക്കുന്നത്. കൂടാതെ, ഭിന്നശേഷി പെൻഷൻ പദ്ധതിക്കുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തി. നിലവിൽ 80% വൈകല്യമുള്ളവർക്ക് മാത്രം നൽകിയിരുന്ന പെൻഷൻ ഇനി മുതൽ 40% വൈകല്യമുള്ളവർക്കും അർഹതയുണ്ടായിരിക്കും. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ജനിക്കുന്നത് മുതൽ തന്നെ ഈ പെൻഷന് അർഹതയുണ്ടായിരിക്കുന്നതാണ്.

Post a Comment