പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രങ്ങൾ വ്യാജമായി നിർമിച്ച് (മോർഫിങ്) സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സ്കൂൾ അധികൃതരുടെയും അധ്യാപകരുടെയും പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിച്ചത്. മറ്റ് ചില വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ കഴിഞ്ഞ ജൂൺ മാസം മുതലാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയതെന്ന് കണ്ടെത്തി.
സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു. സ്കൂൾതലത്തിൽ കൈക്കൊണ്ട അച്ചടക്ക നടപടിയുടെ ഭാഗമായാണ് മൂന്ന് വിദ്യാർഥികളെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment