മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരസ്യ വിമർശനത്തിൽ ഉറച്ചുനിന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. പറയാനുള്ള കാര്യങ്ങൾ ഇന്നലെത്തന്നെ വ്യക്തമാക്കിയതാണെന്നും നിലവിലെ അതൃപ്തി എ.ഐ.സി.സി (AICC) നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താൻ പ്രതികരിച്ചതെന്നും ഇതിൽ മറ്റാരുടെയും പിന്തുണ ആവശ്യമില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരേയൊരു തവണ മാത്രമാണ് യു.ഡി.എഫ് യോഗം ചേർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി യോഗം ചേരേണ്ട നിരവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും അതിനുള്ള നടപടികൾ ഉണ്ടായില്ല. മുന്നണിയിൽ കൂട്ടായ ചർച്ചകൾ നടക്കാറില്ലെന്നതാണ് യാഥാർഥ്യം.
എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയ തീരുമാനത്തെക്കുറിച്ച് മുന്നണിയിൽ യാതൊരുവിധ കൂടിയാലോചനകളും നടന്നിട്ടില്ല. അവർ രണ്ടുപേരും മികച്ച നേതാക്കളും സ്ഥാനമാനങ്ങൾക്ക് പൂർണ്ണ യോഗ്യരുമാണ്. ആർക്കെങ്കിലും പദവികൾ നൽകുന്നതിന് താൻ എതിരല്ല. എന്നാൽ, ഇത്തരം സുപ്രധാന തീരുമാനങ്ങൾ മുന്നണി നേതൃത്വം അറിയാതെ എടുക്കുന്നതിനോടും മാധ്യമങ്ങളിലൂടെ മാത്രം വിവരങ്ങൾ അറിയുന്നതിനോടുമാണ് തനിക്ക് എതിർപ്പുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ജനങ്ങൾക്കിടയിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെന്നും, മുന്നണി എന്ന നിലയിൽ ഇത്തരം കാര്യങ്ങളിൽ കൃത്യമായ ചർച്ചകളും ഇടപെടലുകളും ഉണ്ടാകണമെന്നാണ് താൻ ഉന്നയിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

Post a Comment