Thursday, October 1, 2026

പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് - DYFI സംഘർഷാവസ്ഥ; പോലീസും സിപിഐഎമ്മും വഴിതടഞ്ഞു, യൂത്ത് കോൺഗ്രസ് പിൻവാങ്ങി

 


പേരാമ്പ്ര: കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം DYFI പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് പേരാമ്പ്രയിൽ സംഘർഷാവസ്ഥ.

​അനുസ്മരണ ചടങ്ങ് നടക്കുന്ന മേഖലയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തിയതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. വിവരമറിഞ്ഞ് വൻതോതിൽ സിപിഐഎം-DYFI പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടുകയും പ്രകടനം ശക്തമായി തടയുകയുമായിരുന്നു. "ഒരു അടി പോലും മുന്നോട്ട് വിടില്ല" എന്ന് DYFI പ്രഖ്യാപിച്ചപ്പോൾ, "മുന്നോട്ട് പോകാതെ പിൻമാറില്ല" എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നിലപാടെടുത്തു.

​ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി ഇടപെട്ടു. ഇരുവിഭാഗത്തോടും തിരികെ പോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആദ്യം വഴങ്ങിയില്ല. ഇതിനിടെ, "ധൈര്യമുണ്ടെങ്കിൽ മുന്നോട്ട് വാ" എന്ന് DYFI പ്രവർത്തകർ വെല്ലുവിളിക്കുകയും ചെയ്തു.

​സിപിഐഎം പ്രവർത്തകർ വൻതോതിൽ തടിച്ചുകൂടിയതും സാഹചര്യം വഷളാവാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെയും തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒടുവിൽ പ്രകടനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലും വൻ അക്രമസംഭവങ്ങൾ ഒഴിവാക്കി.

Post a Comment

Whatsapp Button works on Mobile Device only