Wednesday, September 2, 2026

പട്ടയത്തിന് കൈക്കൂലി: സനീഷ് കുമാർ ജോസഫ് എംഎൽഎയ്ക്കും കെപിസിസി സെക്രട്ടറിക്കുമെതിരെ വിജിലൻസ് അന്വേഷണം



തൃശൂർ: ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ആറ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു.


ദേവേന്ദ്രന്റെ അമ്മയുടെ കൈവശമുള്ള മാടക്കത്തറ വില്ലേജിലെ 17 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി 2013-ൽ അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.


പട്ടയം ശരിയാക്കി നൽകാൻ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ദേവേന്ദ്രൻ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത്രയും വലിയ തുക നൽകാനില്ലെന്ന് വ്യക്തമാക്കിയപ്പോൾ രണ്ട് ലക്ഷം രൂപ രാത്രിയിലും ബാക്കി 75,000 രൂപ പട്ടയം ലഭിച്ച ശേഷവും നൽകണമെന്ന് ആവശ്യപ്പെട്ടു.


ഒടുവിൽ 50,000 രൂപയെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ പരാതിക്കാരൻ തയ്യാറായില്ല. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി പട്ടയം അനുവദിക്കാതെ തന്നെയും കുടുംബത്തെയും മനപ്പൂർവ്വം ദ്രോഹിക്കുകയാണെന്ന് കാട്ടിയാണ് ദേവേന്ദ്രൻ വിജിലൻസ് കോടതിയെ സമീപിച്ചത്.

Post a Comment

Whatsapp Button works on Mobile Device only