Wednesday, September 2, 2026

മുഖ്യമന്ത്രിയുടെ പരാമർശം പിൻവലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണം: കേരള മുസ്‌ലിം ജമാഅത്ത്


മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ഇസ്‌ലാം സംബന്ധമായ പരാമർശം പിൻവലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് സന്ദർഭം പോലും മനസ്സിലാക്കാതെ പരസ്യമായി പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് കുറ്റപ്പെടുത്തി. വിശുദ്ധ ഖുർആനെയും പ്രവാചകനെയും ഇസ്‌ലാമിക ചരിത്രത്തെയും ശരിയായ രീതിയിൽ പഠിച്ച് മനസ്സിലാക്കാൻ വായനാപ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീ സംബന്ധമായ പരാമർശത്തോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് സർക്കാരിനോ പാർട്ടിക്കോ യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീകളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടി പ്രവാചകന്റെ ആദ്യ ഭാര്യ ബിസിനസ് രംഗത്ത് സജീവമായിരുന്നുവെന്നും ആയിഷ യുദ്ധത്തിൽ സൈന്യാധിപയായി പങ്കെടുത്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരള മുസ്‌ലിം ജമാഅത്ത് രംഗത്തെത്തിയത്.

Post a Comment

Whatsapp Button works on Mobile Device only