വടകര: എം.ഡി.എം.എ കേസിൽ പ്രതിയായി ജാമ്യത്തിൽ കഴിയുന്ന അധ്യാപികയ്ക്ക് പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് കുത്തേറ്റു. പേരാമ്പ്ര ബി.ആർ.സിയിലെ മുൻ കരാർ അധ്യാപികയായ കീർത്തനയ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ കീർത്തനയുടെ ഭർത്താവ് വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വടകര പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടാൻ എത്തിയതായിരുന്നു കീർത്തന. ഇതിനിടെ സ്റ്റേഷൻ പരിസരത്ത് വെച്ച് ഭർത്താവ് വിനീഷ് ഇവരെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റ കീർത്തനയെ ഗുരുതരമായ പരിക്കുകളോടെ ആദ്യം വടകര ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ലഹരിമരുന്ന് വിൽപ്പനക്കാരുടെയും ഉപഭോക്താക്കളുടെയും ഇടയിലെ പ്രധാന കണ്ണിയായി പ്രവർത്തിച്ചതിനാണ് കീർത്തനയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ കേസിൽ പ്രതിയായതിന് പിന്നാലെ ഇവരെ പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക ജോലിയിൽനിന്ന് അധികൃതർ പിരിച്ചുവിട്ടിരുന്നു.

Post a Comment