കൊയിലാണ്ടി: ദേശീയപാതയിൽ വെങ്ങളം റെയിൽവേ പാലത്തിന് മുകളിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.45-ഓടെയായിരുന്നു സംഭവം. അപകടത്തിൽ ബസ് യാത്രക്കാരായ നിരവധി പേർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു.
കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറിയുമാണ് പാലത്തിന് മുകളിൽ വെച്ച് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ് ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വലിയ രീതിയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചത്.

Post a Comment