Wednesday, September 23, 2026

നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

 


കോഴിക്കോട് : നടി സാവിത്രി ശ്രീധരൻ അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ ദീർഘകാലമായി കിടപ്പിലായിരുന്നു.

മലയാള നാടക സിനിമാ രംഗത്ത് സ്വന്തം അഭിനയമുദ്ര പതിപ്പിച്ച അതുല്യ കലാപ്രതിഭയായിരുന്നു സാവിത്രി ശ്രീധരൻ. നാടകവേദിയിൽ നിന്ന് കലാജീവിതം ആരംഭിച്ച സാവിത്രി ശ്രീധരൻ പതിറ്റാണ്ടുകളോളം നാടക വേദിയിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ. ടി. മുഹമ്മദ്, പി. എം. താജ് തുടങ്ങിയ പ്രമുഖ നാടകപ്രവർത്തകരുടെ സൃഷ്ടികളിലൂടെ തന്റെ അഭിനയശേഷി തെളിയിച്ച സാവിത്രി ശ്രീധരൻ സംസ്ഥാനതല നാടക പുരസ്കാരങ്ങളും കേരള സംഗീത നാടക അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

സിനിമയിലെത്തിയ ശേഷവും അവരുടെ സ്വാഭാവികമായ അഭിനയശൈലി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു. സുഡാനി ഫ്രം നൈജീരിയയിലെ ജമീല എന്ന കഥാപാത്രം സിനിമയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും നെഞ്ചിലേറ്റിയിട്ടുണ്ട്. ഡാകിനി, വൈറസ്, മേരാ നാം ഷാജി, ഇട്ടിമാണി, പട, പാപ്പൻ, മേ ഹൂം മൂസ, ക്രിസ്റ്റി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ തലത്തിൽ പ്രത്യേക പരാമർശവും ഉൾപ്പെടെ അംഗീകാരങ്ങൾ ലഭിച്ചു.

നാടകത്തിന്റെ ആത്മാവും ജീവിതത്തിന്റെ അനുഭവങ്ങളും വെള്ളിത്തിരയിലെ കഥാപാത്രങ്ങൾക്ക് പകർന്നുനൽകിയ സാവിത്രി ശ്രീധരന്റെ കലാജീവിതം മലയാളികൾ ഒരിക്കലും മറക്കില്ല.

മലയാള സിനിമ നിലനിൽക്കുന്ന കാലത്തോളംസാവിത്രി ശ്രീധരന്റെ  കഥാപാത്രങ്ങൾ മലയാളിയുടെ മനസിൽ എന്നും ജീവിക്കും.

Post a Comment

Whatsapp Button works on Mobile Device only