ഭരണപക്ഷ നേതാക്കളുടെ സ്‌പോണ്‍സേര്‍ഡ് യാത്രകളെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ സംസ്ഥാനത്ത് വീണ്ടും കനക്കുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചാര്‍ട്ടേര്‍ഡ് വിമാനയാത്രകളും വിദേശസന്ദര്‍ശനങ്ങളും സ്വകാര്യ വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധവും വിമര്‍ശനവും രൂക്ഷമായിരിക്കുന്നത്.
മലപ്പുറത്ത് കാലവര്‍ഷക്കെടുതി ഉണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പോയത് സര്‍ക്കാര്‍ ചെലവിലല്ലെന്നും അജ്ഞാത സ്‌പോണ്‍സറുടെ സഹായത്തോടെയാണെന്നുമുള്ള വിശദീകരണം വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. മുന്‍പ് ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ മുഖ്യമന്ത്രി ഉപയോഗിച്ചെന്ന ആരോപണത്തിന്, നിക്ഷേപകരെ കാണാനാണ് യാത്ര ചെയ്തതെന്നായിരുന്നു നല്‍കിയ വിശദീകരണം. മുന്‍പ് അദേഹം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ മംഗളൂരുവില്‍ പോയത് മുതല്‍ ഇത്തരം വിവാദങ്ങള്‍ തുടര്‍ച്ചയായി ഉയര്‍ന്നുവരുന്നുണ്ട്.
സുഹൃത്തിന്റെ ചെലവില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അമേരിക്കയില്‍ പോയതും, ഭാര്യയ്‌ക്കൊപ്പം മന്ത്രി ഒ.ജെ ജനീഷ് ഒമാന്‍ സന്ദര്‍ശിച്ചതും സുഹൃത്തുക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണെന്ന വ്യക്തമായതോടെ വിവാദം രൂക്ഷമായി. ഇതിനുപുറമെ മന്ത്രി കെ.എം ഷാജി സുഹൃത്തിന്റെ ആഡംബര വാഹനം ഔദ്യോഗിക അനുമതിയില്ലാതെ സര്‍ക്കാരിന്റെ ബോര്‍ഡും കൊടിയും വച്ച് ഉപയോഗിച്ചതിനെതിരെ സി.പി.എം രംഗത്തെത്തുകയും, കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ് അടക്കമുള്ളവര്‍ അതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ ഇത്തരം വീഴ്ചകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ ഭരണത്തിലെത്തിയത്. അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഭരണപരമായ സന്ദര്‍ശനങ്ങള്‍ക്കും അജ്ഞാതരായ വ്യക്തികളുടെയും സുഹൃത്തുക്കളുടെയും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത് ജനങ്ങളില്‍ സംശയങ്ങള്‍ക്കിടയാക്കും. മുന്നണിക്കും സര്‍ക്കാരിനും അപചയമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളില്‍ ജനപ്രതിനിധികള്‍ ഒത്തൊരുമയോടെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന സൂചനയാണ് ഈ സംഭവ വികാസങ്ങള്‍ നല്‍കുന്നത്.

Post a Comment