കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സി.പി.ഐ.എം നേതാക്കളെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി എസ്.എഫ്.ഐ നേതാവ് എം. ശിവപ്രസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഡ് ബുക്കിൽ ഇടംപിടിക്കാൻ ഇ.ഡിക്ക് (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) സ്തുതിപാടുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യു.ഡി.എഫുമെന്നും, ഇത്തരം വിരട്ടലുകളും വിലപേശലുകളും കമ്മ്യൂണിസ്റ്റുകാരോട് വേണ്ടെന്നും ശിവപ്രസാദ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കാലം മുതൽ സി.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടാൻ ശ്രമിച്ച കോൺഗ്രസ് അന്നെല്ലാം തോറ്റുപിന്മാറേണ്ടി വന്ന ചരിത്രം ഓർക്കുന്നത് നന്ന്. കേന്ദ്രത്തിൽ കോൺഗ്രസ് നേതാക്കളെ വേട്ടയാടാൻ ബി.ജെ.പി സർക്കാർ ഇ.ഡിയെ ഉപയോഗിക്കുമ്പോൾ അതിനെതിരെ സമരം നടത്തുന്ന കോൺഗ്രസ്, കേരളത്തിൽ വരുമ്പോൾ അതേ ഏജൻസികൾക്ക് വേണ്ടി സ്തുതിപാടുന്ന ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഖാവ് പിണറായി വിജയനെയും സഖാവ് മുഹമ്മദ് റിയാസിനെയും വേട്ടയാടാനുള്ള ഇ.ഡി നീക്കത്തിന് കുടപിടിക്കുന്ന കേരളത്തിലെ കോൺഗ്രസിന് ജനാധിപത്യ കേരളം മാപ്പു നൽകില്ലെന്ന് വ്യക്തമാക്കിയ ശിവപ്രസാദ്, കേന്ദ്ര ഏജൻസികളുടെ ഇത്തരം നീക്കങ്ങളെ സധൈര്യം നേരിടുമെന്നും കൂട്ടിച്ചേർത്തു.

Post a Comment