Tuesday, September 22, 2026

രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ പൂനൂർ പുഴയിൽ കക്കൂസ് മാലിന്യം തള്ളി; പരാതി നൽകി പുഴ സംരക്ഷണ സമിതി




പൂനൂർ/കൊടുവള്ളി : നാടിന്റെ കുടിവെള്ള സ്രോതസ്സായ പൂനൂർ പുഴയിൽ രാത്രിയുടെ മറവിൽ വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. സാമൂഹ്യവിരുദ്ധരുടെ മാലിന്യ നിക്ഷേപത്തെ തുടർന്ന് പുഴയിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ ദുർഗന്ധം വമിക്കുകയാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് പുഴയിൽ മാലിന്യം തള്ളുന്നത്. സംഭവത്തെ തുടർന്ന് പൂനൂർ പുഴ സംരക്ഷണ സമിതി മേഖലയിൽ പരിശോധന നടത്തി.

പ്രദേശത്ത് വർധിച്ചുവരുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഭാരവാഹികളും, നാട്ടുകാരും മുസ്‌ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ വി.എം ഉമ്മർ മാസ്റ്ററെ സന്ദർശിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി കുറ്റക്കാർക്കെതിരെ കർശ്ശന നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പുഴ മലിനമാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും, രാത്രികാല നിരീക്ഷണം ശക്തമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ കർശ്ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നെല്ലാംകണ്ടി ഗ്രീൻവാലി റെസിഡൻസ് അസോസിയേഷൻ കൊടുവള്ളി മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.



Post a Comment

Whatsapp Button works on Mobile Device only