സാന്ത്വന പ്രവർത്തനങ്ങൾക്കും രോഗീപരിചരണത്തിനും മാതൃകയായി വളർന്നു വന്ന പ്രസ്ഥാനമായ കോഴിക്കോട് സി.എച്ച് സെന്ററിനെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ട് പോകണമെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ പറഞ്ഞു. കാരുണ്യത്തിന്റെ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെന്റർ സ്ഥാപകദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 56 വർഷത്തെ ജീവിതം കൊണ്ട് ഒരു ജന സമൂഹത്തിന്റെ സിരകളിൽ ആവേശം പകർന്ന്, ന്യൂനനപക്ഷ രാഷ്ട്രീയം ഫലപ്രദമായി വിനിയോഗിച്ചാണ് സി.എച്ച് വിട്ടുപിരിഞ്ഞത്. സി.എച്ച് മണ്മറഞ്ഞ് നാല് പതിറ്റാണ്ടുകൾ കടന്നു പോയിട്ടും ആ പേര് ഇന്ന് ജ്വലിച്ച് നിൽക്കുന്നത് സി.എച്ച് സെന്ററുകളിലൂടെയാണ്. കേരളത്തിലെ ഇത്തരം കാരുണ്യ പ്രസ്ഥാനങ്ങളുടെ മാതൃകയും മാതാവുമാണ് കോഴിക്കോട് സി.എച്ച് സെന്റർ. പ്രയാസങ്ങളുമായി കടന്നുവരുന്ന ആയിരങ്ങൾക്കാണ് സി.എച്ച് സെന്റർ ആശ്വാസം പകരുന്നത്. ഭക്ഷണവും മരുന്നും മെഡിക്കൽ ടെസ്റ്റുകളുമെല്ലാം സൗജന്യമായി നൽകുന്ന ഈ മാതൃക കൂടുതൽ കരുത്തോടെ മുന്നോട്ട് പോകണം. എന്നെ സന്ദർശിക്കാൻ വരുന്ന പാവപ്പെട്ട സഹോദരങ്ങളുടെ കാര്യത്തിന് വേണ്ടി മാസത്തിലൊരിക്കലെങ്കിലും ഞാൻ സി.എച്ച് സെന്റർ ഭാരവാഹികളെ ബന്ധപ്പെടാറുണ്ട്. ഞാൻ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ എത്രയെത്ര മനുഷ്യർക്കാണ് സി.എച്ച് സെന്റർ ആശ്വാസം പകരുന്നത്! നേതാക്കൾക്ക് വേണ്ടി അനുയായികൾ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ വർഷത്തിൽ 365 ദിവസവും ഓർമിക്കപ്പെടുന്ന നേതാക്കൾ സി.എച്ചും ശിബാബ് തങ്ങളുമായിരിക്കും. അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന കാരുണ്യ കേന്ദ്രങ്ങളിലൂടെയാണ് അവർ സ്മരിക്കപ്പെടുന്നത്.- അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. എം. കെ.മുനീർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

Post a Comment