കോഴിക്കോട്:സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ബോധപൂർവം മോശക്കാരാക്കാനുള്ള ശ്രമമാണ് ഇ.ഡിയുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് റിയാസ് ആരോപിച്ചു.
പ്രധാനപ്പെട്ട തെളിവുകളായാണ് വിവരങ്ങളെ കാണുന്നതെങ്കിൽ അവ ഇങ്ങനെ പുറത്തുവിടുമോയെന്നും റിയാസ് ചോദിച്ചു. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ അവസാന ദിവസവും വൈകീട്ട് വലിയ ജനപങ്കാളിത്തത്തോടെ റാലി നടക്കാനിരിക്കുന്ന ദിവസവും തന്നെ വിവരങ്ങൾ പുറത്തുവിടാൻ ഇ.ഡി. തിരഞ്ഞെടുത്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിയാസ്.
തന്നെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്താനുള്ള ശ്രമം നേരത്തെയും നടന്നിരുന്നുവെന്നും അത് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ കഥയുമായി ഇ.ഡി. എത്തിയിരിക്കുന്നതെന്നും റിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ബേപ്പൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ‘നമ്മൾ ബേപ്പൂർ’ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിനായി രൂപീകരിച്ചതാണെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ഗ്രൂപ്പിലുണ്ടെന്നും ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി പരിശോധിക്കാവുന്നതാണെന്നും റിയാസ് വ്യക്തമാക്കി.
വീണാ വിജയൻ ഹവാല പണമാണെന്ന് സമ്മതിച്ചുവെന്ന പ്രചാരണം ശുദ്ധ അസംബന്ധവും കളവുമാണെന്നും റിയാസ് ആരോപിച്ചു. മൂന്ന് തവണ വീണയെ ചോദ്യം ചെയ്തിട്ടും ഒരിടത്തും ഹവാലയെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണമാണെന്ന് വീണ സമ്മതിച്ചുവെന്ന തരത്തിൽ ഇ.ഡി. പറയുന്നത് ബോധപൂർവം മോശമാക്കാനുള്ള ശ്രമമാണെന്നും റിയാസ് ആരോപിച്ചു.
ഭാവിയിൽ ഒരു ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു പേപ്പറിൽ എഴുതിയ കാര്യമാണ് ‘റെഡ് ബുക്ക്’ എന്ന പേരിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി. അന്വേഷണം സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. “ഇത് നല്ലൊരു തിരക്കഥയാണ്. ദേശീയതലത്തിൽ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാർഡ് നൽകുകയാണെങ്കിൽ അത് ഈ തിരക്കഥ എഴുതിയ ആൾക്ക് നൽകണം” എന്നും അദ്ദേഹം പരിഹസിച്ചു.
ഇ.ഡിയുടെ പ്രവർത്തനരീതി എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും വിവരങ്ങൾ പുറത്തുവിട്ട് ജനങ്ങൾക്കിടയിൽ മോശക്കാരാക്കാമെന്ന ധാരണ ഉണ്ടെങ്കിൽ അത് നടക്കില്ലെന്നും റിയാസ് പറഞ്ഞു. രാഷ്ട്രീയ നിലപാട് ശക്തമായി തന്നെ തുടരും. വിഷയം ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂവെന്നും ഇനിയും എന്തൊക്കെ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്നും റിയാസ് വ്യക്തമാക്കി.

Post a Comment