Monday, September 14, 2026

ആളൊഴിഞ്ഞ വീട്ടിൽ മോഷണശ്രമം; രണ്ടുപേർ അറസ്റ്റിൽ

 


പേരാമ്പ്ര:ആളൊഴിഞ്ഞ വീട്ടിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തു. പെരുവണ്ണാമൂഴി മേമണ്ണിൽ മീത്തൽ രാഹുൽ രാജ് (28), കൂരാച്ചുണ്ട് പാറയിൽ മുസ്തഫ (43) എന്നിവരാണ് അറസ്റ്റിലായത്.

ആഗസ്റ്റ് ഒമ്പതിന് രാത്രി കിഴക്കൻ പേരാമ്പ്ര തണ്ടോറപ്പാറ വട്ടുകുനി അലിയാർ ഖാലിദിന്റെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു മോഷണശ്രമം. മുൻവാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ സംഘം അലമാരകളും മറ്റും കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചതായാണ് പരാതി.

ആഗസ്റ്റ് 10ന് പുലർച്ചെ വീടിന് ഏകദേശം 100 മീറ്റർ പടിഞ്ഞാറുള്ള താൽക്കാലിക ബസ് സ്റ്റോപ്പിന് സമീപം കാർ നിർത്തി രണ്ടുപേർ ഇറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതും പിന്നീട് കാറിൽ തിരിച്ചെത്തി സ്ഥലം വിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. തുടർന്ന് കാർ സഞ്ചരിച്ച വഴികളിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

രാഹുൽ രാജിനെ പെരുവണ്ണാമൂഴി പൊലീസാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ കൊയിലാണ്ടി പൊലീസിന്റെ പിടിയിലായിരുന്ന മുസ്തഫയെ പിന്നീട് പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയായിരുന്നു.

പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടർ അനു ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Post a Comment

Whatsapp Button works on Mobile Device only