കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും മൂന്നുമാസം മുമ്പ് 1013.26 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിലെ രണ്ട് പ്രധാനികൾ കൂടി പൊലീസിൻ്റെ പിടിയിലായി. നിലമ്പൂർ ചപ്പാത്ത് ചോക്കാട് അജ്മൽ (32), ഇയാളുടെ സുഹൃത്തും നഴ്സിംഗ് വിദ്യാർത്ഥിനിയുമായ തിരുവനന്തപുരം മലയിൻകീഴ് പൊട്ടയിൽ ഏഴാക്കോട് സൂര്യ (23) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. അജ്മൽ നേരത്തെയും ലഹരി കേസിൽ പിടിയിലായിരുന്നു.
ഇരുവരും നോയിഡയിൽ താമസിക്കവേയാണ് ലഹരി വിതരണ ശൃംഖലയുടെ ഇടനിലക്കാരായത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുവരെയും ഡൽഹി നോയയിഡയിലെ ഇവർതാമസിച്ചിരുന്ന മുറിയിൽ നിന്നാണ് പിടികൂടിയത്. ലഹരി തൂക്കുന്ന ഇലക്ട്രോണിക്സ് തുലാസും,നോട്ട് എണ്ണുന്ന മെഷീനും ലഹരി വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും മൊബൈൽ ഫോണുകളും പാൻകാർഡുകളും തിരിച്ചറിയൽ കാർഡുകളും ലഹരി പാക്കറ്റുകൾ ആക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുമുണ്ട്.
നോയിഡയിൽ നിന്നും പന്തിരങ്കാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ ഇതുവരെ ആറുപേർ പിടിയിലായിട്ടുണ്ട്. പന്തീരാങ്കാവ് എസ് എച്ച് ഒ നിധിൻ എ, എ എസ് ഐ അർജുൻ അജിത്ത്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സബീഷ്, അഖിൽ ബാബു, ഡാൻസാഫ് അംഗങ്ങളായ അതുൽ ലതീഷ് , നല്ലളം പോലീസ് സ്റ്റേഷനിലെ ഷമാന എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Post a Comment