പേരാമ്പ്ര: യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ നാല് പ്രതികളെ പേരാമ്പ്ര പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. വെള്ളിയൂർ വലിയപറമ്പ് ജാസിഫ്, കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ, നടുവണ്ണൂർ കളയംകുളത്ത് റജീഷ്, നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒരു രാത്രി മുഴുവൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാപ്പാട്, കോഴിക്കോട് മാങ്കാവ്, ആഴ്ചവട്ടം, കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളിലൊരാളായ റജീഷ് കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. കാപ്പാ നടപടി നിലനിൽക്കെ സ്വന്തം പിതാവിനെ മർദിച്ച് വാരിയെല്ലിന് പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള പേരാമ്പ്ര എ.എസ്.പി. ആരതി ഐ.പി.എസ്. അറിയിച്ചു.
പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, എസ്.പി. സ്ക്വാഡംഗങ്ങളായ എ.എസ്.ഐ. സി.എം. സുനിൽകുമാർ, എസ്.സി.പി.ഒ. ശോഭിത്ത്, സി.പി.ഒ. ലിധിൻ, പേരാമ്പ്ര പൊലീസ് സബ് ഇൻസ്പെക്ടർ ശിവപ്രസാദ്, ഡ്രൈവർ സി.പി.ഒ. ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി നാല് പേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


Post a Comment