Thursday, July 23, 2026

കോവൂരിൽ പകൽവെളിച്ചത്തിൽ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

 


കോഴിക്കോട്: കോവൂർ ഇരിങ്ങാടം പള്ളി സമീപത്ത് പകൽ സമയത്ത് വീടിൻ്റെ വാതിൽ തകർത്ത് പണവും സ്വർണാഭരണങ്ങളും ടാബും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.


എറണാകുളം മുള്ളാവൂർ പള്ളിപ്പടി സ്വദേശിയും നിലവിൽ കൂടത്തായി ലക്ഷംവീട് കോളനിയിലെ താമസക്കാരനുമായ അൽത്താഫിനെയാണ് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ സ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.


കഴിഞ്ഞ 16-ാം തീയതിയാണ് കോവൂരിന് സമീപം ഇരിങ്ങാടം പള്ളിയിലെ 'ഉഷസ്' എന്ന വീട്ടിൽ മോഷണം നടന്നത്. വീടിന്റെ പിറകുവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന പ്രതി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 1.25 ലക്ഷം രൂപയും, 25,000 രൂപ വിലവരുന്ന സാംസങ് ടാബും, അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ പവൻ സ്വർണാഭരണങ്ങളും കവർന്നിരുന്നു.


രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വീട്ടിൽ ആളില്ലാതിരുന്നതാണ് മോഷ്ടാവ് മുതലെടുത്തത്. വൈകിട്ട് വീട്ടിലെത്തിയ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോ. അപർണയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചു.


പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.


സംഭവദിവസം സുഹൃത്തിനെ ഇരിങ്ങാടം പള്ളി ഭാഗത്ത് ബൈക്കിൽ എത്തിച്ച ശേഷം മടങ്ങുന്നതിനിടെ വീടിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടിൽ ആളില്ലെന്ന് പ്രതി മനസ്സിലാക്കിയത്. തുടർന്ന് മതിൽ ചാടിക്കടന്ന് വീട്ടിലെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.


Post a Comment

Whatsapp Button works on Mobile Device only