ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു. പറമ്പിൻമുകളിൽ പഴയ വില്ലേജ് ഓഫീസിനുസമീപത്തായി റവന്യൂ വകുപ്പിനു കീഴിലുള്ള 72 സെന്റ് സ്ഥലത്താണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം ഉയരുന്നത്.
ആറുനില കെട്ടിടത്തിന്റെ മൂന്നുനിലകളുടെ പണി ഏറെക്കുറേ പൂർത്തിയായിട്ടുണ്ട്. നാലാംനിലയുടെ പണി പുരോഗമിക്കുകയാണ്. ആറുമാസംകൊണ്ട് കെട്ടിടനിർമാണം പൂർണമായും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേയുണ്ടായിരുന്ന കെട്ടിടഡിസൈൻ പുതുക്കിനിശ്ചയിച്ചതിനാലും സ്ഥലത്തെ മണ്ണ് നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതികതടസ്സം കാരണമാണ് കെട്ടിടനിർമാണത്തിന് കാലതാമസം നേരിട്ടത്. 2021 സെപ്റ്റംബറിൽ പൊതുമരാമത്തുമന്ത്രിയായിരുന്ന പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനംചെയ്തത്. റീ ടെൻഡർ നടപടി പൂർത്തിയായി മലപ്പുറത്തെ നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് കെട്ടിടനിർമാണച്ചുമതല. മിനി സിവിൽ സ്റ്റേഷൻ കെട്ടിടനിർമാണത്തിനായി 15 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. നേരത്തേ, ഇവിടെ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് കോക്കല്ലൂരിലെ വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ബാലുശ്ശേരി ടൗണിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന സബ് ട്രഷറി ഓഫീസ്, രജിസ്ട്രാർ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, എക്സൈസ് ഓഫീസ്, വൈദ്യുതി ഓഫീസുകൾ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, വനിത-ശിശുവികസന വകുപ്പ് ബാലുശ്ശേരി പ്രോജക്ട് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകളെല്ലാം ഒരുകുടക്കീഴിൽ കൊണ്ടുവരാൻ മിനി സിവിൽ സ്റ്റേഷന്റെ വരവോടെ സാധ്യമാകും. പൊതുമരാമത്തുവകുപ്പിന്റെ ആർക്കിടെക്ചർ വിഭാഗവും ഡിസൈൻ വിഭാഗവും ചേർന്ന് രൂപകല്പനചെയ്ത കെട്ടിടം രണ്ട് ബേസ്‌മെന്റ് ഫ്ലോറുകൾ ഉൾപ്പെടെ സൗകര്യങ്ങളോടെയാണ് ഒരുങ്ങുന്നത്.

Post a Comment