Friday, June 12, 2026

എം.എം പറമ്പിൽ തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം മരണക്കെണിയാകുന്നു; തിരിഞ്ഞുനോക്കാതെ അധികൃതർ


​എം എം പറമ്പ് : ഒരു നാടിന്റെയാകെ സുരക്ഷയെയും യാത്രക്കാരുടെ ജീവനെയും പന്താടിക്കൊണ്ട് അധികൃതരുടെ കടുത്ത അനാസ്ഥ. മാസങ്ങൾക്ക് മുൻപ് ഉണ്ടായ വാഹന അപകടത്തിൽ തകർന്ന എം.എം പറമ്പ് ബസ് സ്റ്റോപ്പ് പുനർനിർമിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിക്കാതെ അധികൃതർ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്.. നിത്യേന സ്കൂൾ കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ കാത്തിരിപ്പ് കേന്ദ്രം നിലവിൽ ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.


തകർന്നുവീണ കോൺക്രീറ്റ് തൂൺ ഒരു താൽക്കാലിക ഇരുമ്പ് പൈപ്പിന്റെ ബലത്തിലാണ് ഇപ്പോൾ നിലകൊള്ളുന്നത്. കോൺക്രീറ്റ് ബീമുകളിലും മേൽക്കൂരയിലും വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. അപകടാവസ്ഥയിലുള്ള ഈ അവശിഷ്ടങ്ങൾ റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന രീതിയിലാണ് ഉള്ളത്.

​മഴക്കാലം കടുത്തതോടെ കനത്ത മഴയും കാറ്റും ഉണ്ടാകുമ്പോൾ ഈ കെട്ടിടം പൂർണ്ണമായി തകർന്നു വീഴാനുള്ള സാധ്യത ഏറെയാണ്. ഇത്രയും ഗുരുതരമായ സാഹചര്യമുണ്ടായിട്ടും ഇവിടെ യാതൊരുവിധ അപകട മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ വേലികളോ സ്ഥാപിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. ഇത് വീണ്ടുമൊരു വൻ ദുരന്തത്തിന് വഴിതെളിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ..

Post a Comment

Whatsapp Button works on Mobile Device only