UDF സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ 'ഇന്ദിരാ ഗ്യാരണ്ടി' നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റ് സമ്പ്രദായം ആരംഭിച്ചു.
ഇനി മുതൽ ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ സ്ത്രീയാണോ പുരുഷനാണോ എന്ന് കണ്ടക്ടർമാർ ഇടിഎം (ETM) മെഷീനിൽ പ്രത്യേകം രേഖപ്പെടുത്തും. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും യാത്രക്കാരുടെ എണ്ണവും കൃത്യമായി കണക്കാക്കാനാണ് ഈ വിവരശേഖരണം.
പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷത്തോളം യാത്രക്കാരിൽ 19 ലക്ഷത്തോളം പേർ വനിതകളാണെന്നാണ് പ്രാഥമിക കണക്ക്. പുതിയ സംവിധാനത്തിലൂടെ ഇവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം എത്രയും വേഗം സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ നീക്കം.
പുതിയ സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേൽനോട്ടം വഹിക്കും.സൗജന്യ യാത്രയ്ക്ക് ദൂരപരിധി ഉണ്ടാകുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ലെങ്കിലും, സർക്കാരിന്റെ ഈ നീക്കത്തെ ജോലിക്ക് പോകുന്നവരും വിദ്യാർത്ഥിനികളുമായ യാത്രക്കാർ വലിയ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്യുന്നത്.
ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായ അപ്ഡേഷൻ വരുത്തിയിട്ടുണ്ടെന്ന് കണ്ടക്ടർമാർ വ്യക്തമാക്കി. പുതിയ സർക്കാർ അധികാരമേറ്റാലുടൻ നടപ്പിലാക്കുന്ന ആദ്യ ജനക്ഷേമ പദ്ധതികളിൽ ഒന്നായിരിക്കും ഇത്.

Post a Comment