Sunday, May 10, 2026

പ്രഭാത വാർത്തകൾ


◾ കേരളത്തിലെ മുഖ്യമന്ത്രിക്കാര്യത്തില്‍ ഡല്‍ഹിയില്‍ നടന്ന മൂന്നു മണിക്കൂര്‍ ചര്‍ച്ചയിലും തീരുമാനമായില്ല. കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗയും തീരുമാനമെടുക്കുമെന്ന് എഐസിസി സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. മൂന്നു പേരും അര്‍ഹരാണെന്നും സോണിയാഗാന്ധിയുമായി ആലോചിക്കുമെന്നും രാഹുല്‍ഗാന്ധി. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കേരള നേതാക്കള്‍. വൈകാരികവും സങ്കീര്‍ണവുമായ നിലയിലേക്കു കാര്യങ്ങള്‍ എത്തിയതില്‍ ഹൈക്കമാന്‍ഡ് അസന്തുഷ്ടി പ്രകടിപ്പിച്ചു.


◾ തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ വിജയ് ഇന്നു പത്തിന് സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിലാണു സത്യപ്രതിജ്ഞ. കേവല ഭൂരിപക്ഷം ബോധ്യപ്പെട്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഉത്തരവ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിജയ്ക്കു കൈമാറി. 120 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന രേഖയുമായാണ് ഗവര്‍ണറെ വിജയ് കണ്ടത്.


◾ കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ പേരില്‍ തെരുവില്‍ അങ്കം വെട്ടരുതെന്ന് കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ലക്സുകള്‍ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്നും അതു പാര്‍ട്ടിക്കു ദോഷമാകുമെന്നും നേതാക്കള്‍. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഈ നീക്കം.


◾ കേരള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി. തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി മാറ്റസാധ്യത ഉണ്ടായിട്ടും തടഞ്ഞതാണ് പാര്‍ട്ടിയുടെ നാശത്തിനു കാരണമെന്നാണ് വിമര്‍ശനം. പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും ധാഷ്ട്യം തിരിച്ചടിയായെന്നും വിലയിരുത്തി. സിപിഎം അണികളുടെ വോട്ടു ലഭിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.


◾ ഇനിയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴിയുമുണ്ട്.


◾ വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഇരിട്ടി ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശയനപ്രദക്ഷിണം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി വി രാജന്‍ പട നയിച്ചവന്‍ മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാര്‍ഡുമായാണ് ശയനപ്രദക്ഷിണം നടത്തിയത്.


◾ വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാനുള്ള അധികാരം സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഇല്ലെന്ന് ഹൈക്കോടതി. ന്യൂനപക്ഷ കമ്മീഷന്റെ കുടിയിറക്കല്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രജിസ്ട്രേഷന്‍ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞ് നല്‍കുന്നില്ലെന്നാരോപിച്ച് അബ്ദുല്‍ സലാം നല്‍കിയ പരാതിയിലായിരുന്നു ന്യൂനപക്ഷ കമ്മിഷന്റെ ഇടപെടല്‍.


◾ കാഞ്ഞങ്ങാട് കൂളിയങ്കല്‍ മുതല്‍ തോയമ്മല്‍ വരെ നാഷണല്‍ ഹൈവേയില്‍ ശക്തമായ മഴയില്‍ വെള്ളം കെട്ടി നിന്നത്തോടെ യാത്രക്കാര്‍ പെരുവഴിയിലായി. വൈകിട്ട് ഏഴിന് ആരംഭിച്ച മഴ രണ്ടു മണിക്കൂറോളം നീണ്ടു നിന്നതോടെ റോഡ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു.


◾ വ്യാജരേഖ ചമച്ച് അവയവ കൈമാറ്റ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ഒളിവിലുള്ള കാസര്‍കോട് സ്വദേശി മുഹമ്മദ് നജീബിന്റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദ അറസ്റ്റില്‍. കേസില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സണ്ണി വര്‍ഗീസ്, സിനി വര്‍ഗീസ്, ശ്രീജ, സുധീര്‍, വിനോദ് എന്നിവരാണു നേരത്തെ പിടിയിലായത്. കേസന്വേഷണത്തിന് എറണാകുളം റൂറല്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.


◾ പൊലീസ് ജീപ്പ് മോഷ്ടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തൃശൂര്‍ വടക്കേക്കാട് സ്വദേശി ഹംസയെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നു പരാതിപ്പെടാന്‍ സ്റ്റേഷനിലെത്തിയ ഇയാള്‍ അര്‍ധരാത്രിയോടെ തൊട്ടടുത്ത സൈബര്‍ പൊലീസ് സ്റ്റേഷനു സമീപത്തെ ജീപ്പുമായി കടന്നു കളയുകയായിരുന്നു. ജീപ്പില്‍ 'പോലീസ് ലുക്കി'ല്ലാത്തയാളെ കണ്ടു എസ്എന്‍ പാര്‍ക്കിലെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണു മോഷ്ടിച്ചതാണെന്നു വ്യക്തമായത്.


◾ ആറു വയസ്സുകാരിയെ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂര്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലേക്കു തീര്‍ഥയാത്രക്കെത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.


◾ ജോലി വാഗ്ദാനം നല്‍കി ഒറ്റപ്പാലം സ്വദേശിനിയെ കഴക്കൂട്ടത്ത് 'ഡേ ഡ്രീം' എന്ന സ്പായിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം കല്‍പന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുമായ കഠിനംകുളം സ്വദേശി ജിപ്‌സനു (35) പുറമേ, സ്പായില്‍ ഒത്താശ ചെയ്തുകൊടുത്ത മാന്നാര്‍ സ്വദേശിനി അശ്വതി (22) യെയും അറസ്റ്റു ചെയ്തു.


◾ ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹസല്‍ക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. പരിക്കേറ്റ വരന്റെ സഹോദരീഭര്‍ത്താവ് ഉള്‍പ്പെടെ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സല്‍ക്കാരം അവസാനിക്കാറായി കാറ്ററിംഗ് സംഘം മേശ ഒതുക്കുന്നതിനിടെയാണു വരന്റെ അടുത്ത ബന്ധുക്കള്‍ ഭക്ഷണം കഴിക്കാനെത്തിയത്. അവരോടു വേറെയൊരു മേശയിലേക്കു മാറിയിരിക്കാന്‍ നിര്‍ദേശിച്ച കാറ്ററിംഗ് സംഘവുമായി ഏറ്റുമുട്ടുകയായിരുന്നു.


◾ കൊച്ചി നഗരത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആറുപേര്‍ അറസ്റ്റിലായി. തൃപ്പൂണിത്തുറയിലെ റിസോര്‍ട്ടില്‍ നിന്നും കരിമുകളിലെ വീട്ടില്‍ നിന്നുമായി എം.ഡി.എം.എയും എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്തു. ലഹരി ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


◾ എഐഎഡിഎംകെ പിളര്‍പ്പിലേക്ക്. വിജയിനു പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ മൂപ്പതിലേറെ എംഎല്‍എമാര്‍ യോഗം ചേന്നു. എടപ്പാടി പഴനിസ്വാമിയെ തഴഞ്ഞ് മുന്‍മന്ത്രി എസ്.പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ യോഗം തീരുമാനിച്ചു. മുന്‍ മന്ത്രിമാരായ സി വി ഷണ്മുഖം, വിജയഭാസ്‌കര്‍ എന്നിവരടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.


◾ കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ഒപ്പം നിന്ന പാര്‍ട്ടികള്‍ക്ക് നന്ദി പറഞ്ഞും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഡിഎംകെ സഖ്യത്തില്‍ ജയിച്ചിട്ടും നന്ദി പറയാന്‍ കോണ്‍ഗ്രസുകാര്‍ എത്തിയില്ല. പല സാധ്യതകളും മുന്നില്‍ വന്നെന്നും എന്നാല്‍ പാര്‍ട്ടി മികച്ച തീരുമാനം എടുത്തെന്നും സ്റ്റാലിന്‍ പറഞ്ഞു.


◾ തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരില്‍ കോണ്‍ഗ്രസിനും മന്ത്രിമാര്‍. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കോണ്‍ഗ്രസ് അധികാരത്തില്‍ പങ്കാളികളാകുന്നത്. മേലൂര്‍ എംഎല്‍എ പി വിശ്വനാഥന്‍, രാജേഷ് കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും . വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി എത്തും. അതേസമയം തമിഴ്‌നാട് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.


◾ ടിവികെ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ മനംനൊന്ത് തിരുനല്‍വേലി സ്വദേശിയായ പ്രവര്‍ത്തകന്‍ ഇസക്കിയപ്പന്‍ സ്വയം തീകൊളുത്തി. 30 ശതമാനം പൊള്ളലേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.


◾ പഞ്ചാബ് മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സഞ്ജീവ് അറോറയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ഡല്‍ഹി, ഗുരുഗ്രാം, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡിനു പിറകേയാണ് പഞ്ചാബ് വ്യവസായ മന്ത്രിയായ സഞ്ജീവ് അറോറയെ ഇഡി കസ്റ്റഡിയിലെടുത്തത്.


◾ ബി.ജെ.പിക്കെതിരെ ഗുരുതരമായ ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് മന്ത്രിയും എം.എല്‍.എയുമായ സഞ്ജീവ് അറോറയുടെ സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെതിരെയായിരുന്നു മാനിന്റെ പ്രതികരണം.


◾ ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അണിനിരക്കണമെന്നും സഹകരിക്കാന്‍ താല്‍പര്യമുള്ള എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്യുമെന്നും ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കാളിഘട്ടിലെ വീടിനു മുന്‍പില്‍ ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അവര്‍.


◾ പശ്ചിമ ബംഗാളില്‍ സിപിഎം പാര്‍ട്ടി പത്രമായ ഗണശക്തിയുടെ ഒന്നാം പേജില്‍ ബിജെപി സര്‍ക്കാരിന്റെ ബഹുവര്‍ണ പരസ്യം. 35 വര്‍ഷം അധികാരത്തിലിരുന്ന സിപിഎമ്മിനെ മമത ബാനര്‍ജി അധികാരത്തില്‍നിന്നു പുറത്താക്കിയ ശേഷം 15 വര്‍ഷത്തിനിടെ ആദ്യമായാണ് പാര്‍ട്ടി പത്രത്തിന് സര്‍ക്കാര്‍ പരസ്യം ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെയും ചിത്രമാണ് പരസ്യത്തിലുള്ളത്.


◾ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിറകേ തൃണമൂല്‍ കോണ്‍ഗ്രസില്‍ കലഹം. മമത ബാനര്‍ജിക്കു ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതും പാര്‍ട്ടി നേതാക്കളുടെ ധിക്കാരപരമായ പെരുമാറ്റവുമാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും വിമര്‍ശിച്ചു. പാര്‍ട്ടി രണ്ടു ചേരികളായെന്ന് മുതിര്‍ന്ന നേതാവായ രവീന്ദ്രനാഥ് ഘോഷ് തുറന്നടിച്ചു.


◾ റഷ്യ - യുക്രെയ്ന്‍ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. ട്രംപ് നിര്‍ദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റം യുക്രെയ്ന്‍െ അംഗീകരിക്കുമെന്നാണു പ്രതീക്ഷ. നാലു വര്‍ഷത്തിലേറെയായി നീണ്ടു നിന്ന പോരാട്ടം അവസാനിപ്പിക്കാന്‍ സഹായിച്ച യുഎസിന് നന്ദിയെന്നും പുട്ടിന്‍ പറഞ്ഞു.


◾ ഇറാനെതിരായ സൈനിക നടപടി വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കും വഴങ്ങിയില്ലെങ്കില്‍ പ്രോജക്ട് ഫ്രീഡം ഉള്‍പ്പടെയുള്ള നടപടികള്‍ വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ചര്‍ച്ച അടുത്തയാഴ്ച്ച ഇസ്ലാമാബാദില്‍ പുനരാരംഭിച്ചേക്കും.


◾ പൊതുവേദിയില്‍നിന്ന് മാറിനിന്ന ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇറാന്റെ യുദ്ധ-സമാധാന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി യുഎസ് ഇന്റലിജന്‍സ്. അമേരിക്കയുമായി നടത്തുന്ന സമാധാന ചര്‍ച്ചകളുടെ ഗതിനിര്‍ണയിക്കാനുള്ള നീക്കങ്ങളില്‍ മുജ്തബ സജീവമാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്.


◾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന് 132 കോടി ഡോളറിന്റെ (ഏകദേശം 12,400 കോടി രൂപ) വായ്പ കൂടി അനുവദിക്കാന്‍ ഐഎംഎഫ് തീരുമാനിച്ചു. ഐഎംഎഫ് നിര്‍ദേശിച്ച സാമ്പത്തിക നിയന്ത്രണങ്ങള്‍ പാക്കിസ്ഥാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണു വായ്പ അനുവദിച്ചത്.


◾ വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇറാന്റെ ആക്രമണങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത 41 പേരെ ബഹ്റിന്‍ സുരക്ഷാ സേന പിടികൂടി. ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡുമായും ബന്ധമുള്ളവരാണു പിടിയിലായവര്‍.


◾ കാനഡയില്‍ നടന്ന കൊലപാതകക്കേസില്‍ ഇന്ത്യന്‍ വംശജര്‍ കുറ്റക്കാരെന്ന് കോടതി. ഇന്ത്യന്‍ വംശജരായ ഗുര്‍ക്കരന്‍ സിങ്, അഭിജീത്ത് സിങ്, ഖുശ്വീര്‍ തൂര്‍ എന്നിവര്‍ക്കെതിരെയാണ് വിധി. അബോട്ട്സ്ഫോര്‍ഡില്‍ വയോധിക ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.


◾ ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഇറാന്റെ ഖാര്‍ഗ് ഐലന്‍ഡിന് സമീപം സമുദ്രത്തില്‍ വന്‍തോതില്‍ എണ്ണ പടരുന്നതായി സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍. ഏകദേശം 20 ചതുരശ്ര മൈലിലധികം പ്രദേശത്ത് എണ്ണ പടര്‍ന്നതായാണ് ഓയില്‍ സ്പില്‍ മോണിറ്ററിംഗ് സര്‍വീസായ 'ഓര്‍ബിറ്റല്‍ ഇഒഎസ്' വ്യക്തമാക്കുന്നത്.


◾ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 77 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ജയ്പൂരിലെ സവായ്മാന്‍സിംഗ് സ്റ്റേഡിയത്തില്‍ 230 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ 16.3 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 36 പന്തില്‍ 55 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും മികവിലാണ് ഗുജറാത്ത് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അതേസമയം 25 പന്തില്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ വൈഭവ് സൂര്യവംശി 16 പന്തില്‍ 36 റണ്‍സടിച്ചപ്പോള്‍ ധ്രുവ് ജുറെല്‍ 10 പന്തില്‍ 24 റണ്‍സെടുത്തു.


◾ 2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 409.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം 187.6 കോടി രൂപയായിരുന്നു. 118 ശതമാനം വളര്‍ച്ച. നാലാം പാദ വരുമാനം മുന്‍വര്‍ഷത്തെ 6,181.5 കോടി രൂപയില്‍ നിന്ന് 66.2 ശതമാനം വര്‍ധിച്ച് 10,274.9 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് 31-ന് അവസാനിച്ച പാദത്തില്‍ വരുമാനം 68 ശതമാനം വര്‍ധിച്ച് 8,994 കോടി രൂപയായും, ലാഭം 97 ശതമാനം വര്‍ധിച്ച് 366 കോടി രൂപയായും ഉയര്‍ന്നു. നാലാം പാദത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 8,994 കോടി രൂപയും ലാഭം 366 കോടി രൂപയുമാണ്. അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,157 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 807 കോടി രൂപയേക്കാള്‍ 43 ശതമാനം വര്‍ധനയാണിത്. അന്താരാഷ്ട്ര വിപണിയിലെ ലാഭം കഴിഞ്ഞ വര്‍ഷത്തെ 14 കോടി രൂപയില്‍ നിന്ന് 29 കോടി രൂപയായി ഉയര്‍ന്നു. ലൈഫ് സ്‌റ്റൈല്‍ ജുവലറി പ്ലാറ്റ്ഫോമായ കാന്‍ഡിയര്‍ 131 കോടി രൂപ വരുമാനവും 3 കോടി രൂപ ലാഭവും നേടി.


◾ ഇന്ത്യയിലെ ആദ്യ സ്‌പേസ്-ടെക് യൂണികോണ്‍ കമ്പനിയായി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ട്അപ്പ് സ്‌കൈറൂട്ട് എയറോസ്‌പേസ്. പുതിയ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 570 കോടി രൂപ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യം 1.1 ബില്യണ്‍ ഡോളറിലെത്തിയത്. ഇതോടെ, ജസ്‌പേ, നെയ്സ, ക്രെഡിറ്റ്ബീ എന്നിവയ്ക്ക് ശേഷം ഈ വര്‍ഷം യൂണികോണായി മാറുന്ന നാലാമത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായി സ്‌കൈറൂട്ട്. നിലവില്‍ ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം 1 ന്റെ വിക്ഷേപണത്തിന് ഒരുങ്ങുകയാണ് സ്‌കൈറൂട്ട്. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദന, നാഗ ഭാരത് ധാക്ക എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈറൂട്ട് സ്ഥാപിച്ചത്. ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായി വിക്രം സീരീസിലുള്ള റോക്കറ്റുകള്‍ വികസിപ്പിക്കുകയാണ് കമ്പനി ലക്ഷ്യം. 2022-ല്‍ വിക്രം-എസ് ദൗത്യത്തിലൂടെ സ്വകാര്യമായി നിര്‍മിച്ച ഇന്ത്യന്‍ റോക്കറ്റ് ബഹിരാകാശത്തെത്തിച്ച ആദ്യ കമ്പനിയെന്ന നേട്ടവും സ്‌കൈറൂട്ട് സ്വന്തമാക്കിയിരുന്നു.


Post a Comment

Whatsapp Button works on Mobile Device only