Thursday, April 2, 2026

ട്രെയിൻ കല്ലേറ്: പരിക്കേറ്റ വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി

 


കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വെച്ച് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ പുറമേരി സ്വദേശിനി ഐശ്വര്യയുടെ (22) അടിയന്തര ശസ്ത്രക്രിയ പൂർത്തിയായി. മേൽത്താടിയുടെയും കീഴ്ത്താടിയുടെയും എല്ലുകൾ പൊട്ടി മുഖം ഒരു വശത്തേക്ക് കോടിപ്പോയ നിലയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് പൂർവ്വസ്ഥിതിയിലാക്കി. രണ്ട് പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെടുകയും മറ്റ് പല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തിട്ടുണ്ട്.


ആലുവ യു.സി. കോളേജിൽ ബയോ ഇൻഫർമാറ്റിക്സ് പി.ജി. വിദ്യാർത്ഥിനിയായ ഐശ്വര്യ, പരീക്ഷയ്ക്കായി വീട്ടിലിരുന്ന് പഠിക്കാനായി വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഹോസ്റ്റലിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാലാണ് ഐശ്വര്യ വീട്ടിലേക്ക് മടങ്ങിയത്. ട്രെയിനിൽ ഐശ്വര്യ ഇരുന്ന സീറ്റിൽ തൊട്ടുമുൻപത്തെ സ്റ്റേഷൻ വരെ ഒരു കുടുംബവും ചെറിയ കുട്ടിയും ഇരുന്നിരുന്നതായും അവർ ഇറങ്ങിയപ്പോഴാണ് ഐശ്വര്യ അങ്ങോട്ട് മാറി ഇരുന്നതെന്നും പിതാവ് രാമകൃഷ്ണൻ പറഞ്ഞു.


മരപ്പണിക്കാരനായ രാമകൃഷ്ണന്റെ തുച്ഛമായ വരുമാനത്തിലാണ് മൂന്ന് മക്കളുടെ പഠനവും കുടുംബച്ചെലവും നടക്കുന്നത്. ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സകൾക്കുമായി ഏകദേശം രണ്ട് ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ഇതിനോടകം 60,000 രൂപയോളം കടം വാങ്ങി അടച്ചു. റെയിൽവേയിൽ നിന്ന് ചികിത്സാ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഐശ്വര്യയുടെ പിതാവിനെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു.


പ്രതികളെക്കുറിച്ച് സൂചനയില്ല; ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

അതേസമയം, സംഭവത്തിൽ റെയിൽവേ പോലീസും ആർ.പി.എഫും സംയുക്ത അന്വേഷണം തുടരുകയാണ്. മണ്ണൂർ വടക്കുംപാട് അടിപ്പാതയ്ക്ക് സമീപത്തെ വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറുണ്ടായത്. ഈ ഭാഗത്ത് സി.സി.ടി.വി. ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയാകുന്നുണ്ട്. പ്രദേശത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നവർ തമ്പടിക്കാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി എക്സിക്യൂട്ടീവ് എക്സ്പ്രസിന് പുറമെ വന്ദേഭാരത് ട്രെയിനിന് നേരെയും കല്ലേറുണ്ടായിരുന്നു.

Post a Comment

Whatsapp Button works on Mobile Device only