Thursday, April 2, 2026

സ്ഥാനാർത്ഥി നിർണയത്തിൽ അവഗണന; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവെച്ചു

 


മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്ന് ആരോപിച്ച് പാർട്ടി ദേശീയ സെക്രട്ടറി നൂർബിന റഷീദ് രാജി പ്രഖ്യാപിച്ചു. പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് നൂർബിനയുടെ പിന്മാറ്റം. വ്യക്തിപരമായ നേട്ടങ്ങൾക്കല്ല, താൻ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെ ആദർശങ്ങൾക്കും നിലപാടുകൾക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്ന് അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


പുതിയ തലമുറ വഴിതെറ്റാൻ പാടില്ലെന്നും തങ്ങൾക്കും പുതിയവർക്കും രണ്ട് നിയമം എന്നത് അംഗീകരിക്കാനാവില്ലെന്നും നൂർബിന പറഞ്ഞു. ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയതാണ്. എന്നാൽ ചിലർ പാണക്കാട് കുടുംബത്തിൽ സമ്മർദ്ദം ചെലുത്തി സീറ്റ് കൈക്കലാക്കുകയായിരുന്നു. മുൻപ് ഉന്നയിച്ച ലൈംഗികാരോപണ കേസുകൾ പെട്ടെന്ന് പിൻവലിച്ചതിലെ ധാർമികതയെയും അവർ ചോദ്യം ചെയ്തു. റീലുകളിലൂടെയല്ല, റിയൽ ലൈഫിലൂടെയാണ് താൻ ജനങ്ങളോട് സംവദിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.


വനിതാ ലീഗിനെ അവഗണിച്ചാണ് പാർട്ടി മതേതരത്വം പ്രകടിപ്പിക്കുന്നതെന്ന് നൂർബിന ആരോപിച്ചു. ലീഗിന് ദേശീയതലത്തിൽ ജംബോ കമ്മിറ്റികൾ ഉണ്ടാക്കിയപ്പോഴും വനിതാ ലീഗിനെ പരിഗണിച്ചില്ല. ഒഴുക്കിനെതിരെ നീന്തി വളർത്തിയെടുത്ത സംഘടനയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും പാർലമെന്ററി സ്ഥാനങ്ങൾ വ്യാമോഹിച്ചല്ല താൻ പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി. 2016-ലെ മെമ്പർഷിപ്പ് രസീതും പഴയ ചന്ദ്രിക വാർത്തകളും ഉയർത്തിക്കാട്ടിയായിരുന്നു നൂർബിനയുടെ വാർത്താസമ്മേളനം.

Post a Comment

Whatsapp Button works on Mobile Device only