വാർദ്ധക്യത്തിന്റെ വികാരങ്ങൾ പറയുന്ന ടെലിഫിലിം ‘റ്റാറ്റ’
വാർദ്ധക്യം ഒരു കുറ്റമാണോ എന്ന ചോദ്യവുമായി മനുഷ്യജീവിതത്തിന്റെ നിശ്ശബ്ദ സത്യങ്ങളെ സ്പർശിക്കുന്ന ഹൃദയസ്പർശിയായ ടെലിഫിലിം ആണ് ‘റ്റാറ്റ’. ഷിജിത്ത് പേരാമ്പ്ര കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രം കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിന്റെ ‘വേദി’ സ്ക്രീനിൽ മാർച്ച് 7-ന് ശനിയാഴ്ച രാവിലെ 10 മണിക്കും 12 മണിക്കും ഇടയിൽ രണ്ട് പ്രദർശനങ്ങളായി പ്രദർശിപ്പിക്കും.
കാലത്തിന്റെ കരവിരുതിൽ ശരീരം വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോഴും മനസ്സിൽ ഇന്നും കൗമാരത്തിന്റെ ചൂടും ഓർമ്മകളുമാണ് നിലനിൽക്കുന്നതെന്ന് ചിത്രം സൂക്ഷ്മമായി പറഞ്ഞു തരുന്നു. ജീവിതത്തിന്റെ സന്ധ്യാസമയത്ത് നിൽക്കുന്ന മനുഷ്യരുടെ വികാരങ്ങളും ഒറ്റപ്പെടലും ആത്മബന്ധങ്ങളും സ്പർശിക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.
മൂന്നു പതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന അഭിനേതാക്കളായ മുഹമ്മദ് പേരാമ്പ്രയും സരസ ബാലുശ്ശേരിയും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ‘സുഡാനി ഫ്രം നൈജീരിയ’ അടക്കമുള്ള സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച സരസ ബാലുശ്ശേരി, നിരവധി നാടകങ്ങളിലും സിനിമകളിലും സജീവമായ മുഹമ്മദ് പേരാമ്പ്ര എന്നിവർ തങ്ങളുടെ സ്വാഭാവികമായ അഭിനയത്തിലൂടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. ദിലീപ് ഹരിതവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റു കഥാപാത്രങ്ങളെ നാട്ടുകാർ തന്നെയാണ് അവതരിപ്പിക്കുന്നത്.
നിഘേഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് അഭിൻ കൃഷ്ണ എം, ഡബ്ബിംഗും പശ്ചാത്തല സംഗീതവും പ്രതീഷ് ഭവാനി, സംഗീതം വേവ് മീഡിയ പേരാമ്പ്ര എന്നിവരാണ് ഒരുക്കിയത്. ഷാഡോ ബാലുശ്ശേരി ആണ് പോസ്റ്റർ ഡിസൈൻ നിർവഹിച്ചത്.
വാർദ്ധക്യത്തിന്റെ വേദനകളും സ്നേഹവും മനുഷ്യബന്ധങ്ങളുടെ നിശ്ശബ്ദതയും സ്പർശിക്കുന്ന ഈ ടെലിഫിലിം പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ഒരു അനുഭവമാവും.

Post a Comment