കോഴിക്കോട്: പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപം ലോറിക്കും കാറുകള്‍ക്കും നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
മാത്തറ കോന്തനാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുണ്‍ (22), 17-കാരൻ എന്നിവരാണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.
ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിയുടെയും രണ്ട് കാറുകളുടെയും മുൻവശത്തെ ഗ്ലാസുകള്‍ കല്ലേറില്‍ തകർന്നിരുന്നു. ഉടൻതന്നെ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി. സമീപത്തെ കെട്ടിടങ്ങളില്‍ നിന്നാണോ കല്ലേറുണ്ടായതെന്ന് ആദ്യം സംശയിച്ചെങ്കിലും, പ്രദേശവാസിയായ ഒരാളില്‍ നിന്ന് ലഭിച്ച കാറിനെക്കുറിച്ചുള്ള സൂചന അന്വേഷണത്തില്‍ നിർണ്ണായകമായി. ഈ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
പോലീസ് പ്രതികളുടെ വീട്ടിലെത്തുമ്പോള്‍ ഇരുവരും ഉറക്കത്തിലായിരുന്നു. ചോദ്യം ചെയ്യലില്‍, മദ്യപിച്ച ശേഷം വെറുതെ വിനോദത്തിനായി കല്ലും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് വാഹനങ്ങളെ എറിയുകയായിരുന്നു എന്ന് ഇവർ സമ്മതിച്ചു. ഗ്ലാസ് തകർന്നപ്പോള്‍ ഡ്രൈവർമാർ സംയമനം പാലിച്ചത് വലിയ അപകടങ്ങള്‍ ഒഴിവാക്കിയെന്ന് പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ പറഞ്ഞു.
പ്രധാന പ്രതി വരുണിന്റെ പേരില്‍ മുൻപ് കേസുകളൊന്നുമില്ല. എന്നാല്‍, കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആള്‍ മുൻപ് പല കേസുകളിലും ഉള്‍പ്പെട്ട് ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളയാളാണ്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഇത്തരമൊരു അതിക്രമത്തില്‍ പങ്കാളിയായത്. ഇൻസ്പെക്ടർ ശ്രീകുമാർ, എസ്‌ഐ നിതീഷ്, സിപിഒമാരായ അൻഷാദ്, അബ്ദുല്‍ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment