Friday, March 6, 2026

‘ഇത് മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയം’ ! വയനാട് തുരങ്കപാത യാഥാർഥ്യത്തിലേയ്ക്ക്: ലിന്റോ ജോസഫ് എംഎൽഎയ്ക്ക് നൂറിൽ നൂറ് മാർക്ക് നൽകി താമരശ്ശേരി ബിഷപ്പ്


വയനാടിന്റെ നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് യാഥാർഥ്യമാകുന്ന തുരങ്കപാത നിർമ്മാണത്തെയും അതിന് നേതൃത്വം നൽകുന്ന ഭരണനേതൃത്വത്തെയും അഭിനന്ദിച്ച് താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. പദ്ധതി യാഥാർഥ്യമാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച നിശ്ചയദാർഢ്യം പ്രശംസനീയമാണെന്നും ഇതിനായി അഹോരാത്രം പ്രയത്നിച്ച ലിന്റോ ജോസഫ് എംഎൽഎയ്ക്ക് താൻ ‘നൂറിൽ നൂറ് മാർക്ക്’ നൽകുന്നുവെന്നും ബിഷപ്പ് പറഞ്ഞു.


ഏകദേശം 40 വർഷങ്ങൾക്ക് മുൻപേ ഈ നാട് സ്വപ്നം കണ്ട പദ്ധതിയാണിതെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് ഇതിനായി ചില പ്രാഥമിക നീക്കങ്ങൾ നടന്നിരുന്നുവെങ്കിലും പിണറായി വിജയൻ സർക്കാർ അധികാരമേറ്റതോടെയാണ് പദ്ധതിക്ക് ജീവൻ വെച്ചത്. സർക്കാർ പദ്ധതികളിൽ എംഎൽഎ, തന്റെ സ്വന്തം പദ്ധതിയെന്നോണം ഹൃദയത്തിൽ ഏറ്റുവാങ്ങിയാണ് ഇത് മുന്നോട്ട് കൊണ്ടുപോയതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.


വനത്തിനുള്ളിൽ സ്വാഭാവികമായും ഉരുൾപൊട്ടലുകൾ ഉണ്ടാകാറുണ്ടെന്നും ഇത് തുരങ്ക നിർമ്മാണം മൂലമാണെന്ന് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ബിഷപ്പ് വ്യക്തമാക്കി. വികസന വിരോധികളെ ഭയക്കാതെ നാടിന്റെ പുരോഗതിക്കായി ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ഔദ്യോഗികമായി ബ്ലാസ്റ്റിംഗ് (Blasting) കർമ്മം നിർവ്വഹിച്ചതോടെ ഇനി നിർമ്മാണ പ്രവർത്തനങ്ങൾ അതീവ വേഗത്തിൽ മുന്നോട്ട് നീങ്ങും.


നിലവിൽ കൈവരിച്ച പ്രധാന പുരോഗതികൾ

✅പദ്ധതിക്ക് ആവശ്യമായ സ്റ്റേജ് 2 ക്ലിയറൻസ് ലഭ്യമായി.

✅തൊഴിലാളികൾക്കായി 400 പേർക്ക് താമസിക്കാവുന്ന ക്യാമ്പ് ഷെഡ്, താൽക്കാലിക പാലം, ക്രഷർ യൂണിറ്റ് എന്നിവ സജ്ജമായിക്കഴിഞ്ഞു


രണ്ട് വശങ്ങളിൽ നിന്നുമായി പ്രതിദിനം എട്ട് മീറ്റർ വീതം (ആകെ 16 മീറ്റർ) തുരങ്കം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ പദ്ധതി പൂർത്തിയാക്കി കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.


വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരം വികസന പ്രവർത്തനങ്ങൾ വലിയ ചർച്ചയാകുമെന്നും വികസനം നടപ്പിലാക്കുന്നവർക്കാണ് ജനങ്ങൾ വോട്ട് നൽകുകയെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകർ കോടതിയെ സമീപിച്ചതടക്കം നിരവധി തടസ്സങ്ങൾ പദ്ധതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ നാടിന്റെ വികസനത്തിന് അനിവാര്യമായ ഈ പദ്ധതിയുമായി സർക്കാർ ഉറച്ചു മുന്നോട്ട് പോയി.



Post a Comment

Whatsapp Button works on Mobile Device only