പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ‍്യം റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. തന്‍റെ സമ്മതമില്ലാതെ പലതവണ ബലാത്സംഗം ചെയ്തുവെന്നും രാഹുലിന് ജാമ‍്യം നൽകിയത് തന്‍റെ ജീവന് ഭീഷണിയാണെന്നും അതിജീവിത പറയുന്നു.
ഗർഭഛിദ്രത്തിന് താൻ ഒരുക്കമായിരുന്നില്ലെന്നും ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്നും അതിജീവിത വ‍്യക്തമാക്കി. പ്രായപൂർത്തിയാകാത്ത ഒരു കുട്ടി അടക്കം പത്തിലേറെ പെൺകുട്ടികളെ രാഹുൽ ഉപദ്രവിച്ചെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നു.
അതേസമയം, രണ്ടാം പീഡനക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ്റെ ഹർജിയിൽ മറുപടി നൽകാൻ വീണ്ടും സമയം വേണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്ത ചൊവ്വാഴ്ച ഹർജി പരിഗണിക്കും. ഇത് രണ്ടാം തവണയാണ് രാഹുൽ മാങ്കൂട്ടത്തിൽ സമയം നീട്ടീ ചോദിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തലിനെതിരെ രണ്ടാമത് ലൈംഗികപീഡന പരാതി കൊടുത്ത അതിജീവിതയാണ് ജാമ്യത്തിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു പറഞ്ഞ് അന്വേഷണ സംഘത്തെ സമീപിച്ചത്. തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും പരാതിക്കാരി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് മറുപടി നൽകാൻ ഇനിയും സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കോടതിയോട് ആവശ്യപ്പെട്ടത്. അതിജീവിത കോടതിയിൽ രഹസ്യമൊഴി നൽകിയതിന്റെ തൊട്ടടുത്ത ദിവസം രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ വാട്സാപ്പിൽ വിളിക്കാൻ ശ്രമിച്ചിരുന്നു.

Post a Comment