താമരശ്ശേരി: കളഞ്ഞുകിട്ടിയ ആഭരണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് താമരശ്ശേരി പഴയ സ്റ്റാൻഡിലെ ‘ലൈവ് കഫേ’യിൽ സംഘർഷം. മർദ്ദനത്തിൽ കടയിലെ ജീവനക്കാരനായ ചുടലമുക്ക് സ്വദേശി ബിനേഷിന് പരിക്കേറ്റു. സംഭവത്തിൽ പരപ്പൻപൊയിൽ സ്വദേശി നാസറിനെതിരെ ബിനേഷ് പോലീസിൽ പരാതി നൽകി. ബുധനാഴ്ച രാത്രിയാണ് ചായക്കടയെ യുദ്ധക്കളമാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.
ജനുവരി 14-ന് കടയ്ക്ക് മുന്നിൽ നിന്ന് നാസറിന് ഒരു ബ്രേസ്‌ലെറ്റ് ലഭിച്ചിരുന്നു. ഇത് ഉടമയെ ഏൽപ്പിക്കാനായി നാസർ ബിനേഷിനെ ഏൽപ്പിക്കുകയും വിവരം കടയ്ക്ക് മുന്നിൽ എഴുതി പ്രദർശിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ബിനേഷ് ഇത് ചെയ്തില്ലെന്നും പിന്നീട് ആഭരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയെന്നും പറയപ്പെടുന്നു. ആദ്യം പോലീസ് സ്റ്റേഷനിൽ നൽകിയെന്ന് പറഞ്ഞെങ്കിലും നാസർ അന്വേഷിച്ചപ്പോൾ സ്റ്റേഷനിൽ ആഭരണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് ഇത് മുക്കുപണ്ടമാണെന്നും അതിനാൽ കളഞ്ഞു എന്നുമായിരുന്നു ബിനേഷിന്റെ വിശദീകരണം.
നാസർ ബിനേഷിനെ ഏൽപ്പിച്ചത് സ്വർണാഭരണമായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിലുണ്ടെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ആഭരണം എന്തുചെയ്തു എന്നതിനെച്ചൊല്ലി ബുധനാഴ്ച രാത്രി വീണ്ടും തർക്കമുണ്ടാവുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ബിനേഷിന്റെ മാതാവ് സ്റ്റേഷനിൽ ഹാജരാക്കിയ ആഭരണം മുക്കുപണ്ടമാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ യഥാർത്ഥത്തിൽ കൈമാറിയത് സ്വർണ്ണമാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ എന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

Post a Comment