Thursday, February 26, 2026

പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്തു

 


നരിക്കുനി ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിയിലെ പുതിയ ഒ പി ബ്ലോക്ക് എം കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ലൈല അധ്യക്ഷയായി. 


1.5 കോടി രൂപ ചെലവിട്ട് 3500 സ്ക്വയർ ഫീറ്റിൽ പൊതുമരാമത്ത് ബിൽഡിങ് വിഭാഗമാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. ആധുനിക രീതിയിലുള്ള ഫാർമസി സംവിധാനം, റിസപ്ഷൻ ഏരിയ, ജനറൽ ഒ പി, മാനസിക രോഗികൾക്കുള്ള സ്പെഷ്യാലിറ്റി ഒ പി, നേത്രരോഗ ഒ പി, തേയ്മാന രോഗങ്ങൾക്കുള്ള ഓസ്റ്റിയോ ഒ പി, പാലിയേറ്റീവ് കെയർ വിഭാഗം എന്നിവവക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയത്. വിശാലമായ ഔഷധ സ്റ്റോർ, രോഗികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ടോയ്‌ലറ്റ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നരിക്കുനി ഗ്രാമപഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപക്ക് അനുബന്ധ സൗകര്യങ്ങളും ഫർണിച്ചറുകളും ലഭ്യമാക്കി. പൂർണമായും ഇ-ഹോസ്പിറ്റൽ സംവിധാനത്തോടുകൂടിയാണ് പ്രവർത്തനം.


ചടങ്ങിൽ പിഡബ്ല്യുഡി ‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ പി ഷാനിദ് റിപ്പോർട്ട് അവതരിപ്പിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൗഹർ പൂമംഗലം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ബാലാമണി ടീച്ചർ, നരിക്കുനി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സഫീന ബഷീർ, ഷെർളി പടിഞ്ഞാറെ പയ്യടി, സി കെ സലീം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം സുഗുണ, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി എം സിനി, സെക്രട്ടറി ഇൻ-ചാർജ് കെ ദേവദാസൻ, പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ വി ബിജു, ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു.

Post a Comment

Whatsapp Button works on Mobile Device only