Thursday, February 26, 2026

'കൊല്ലെടാ' എന്ന് ആക്രോശിച്ച് കഴുത്തിന് നേരെ ആക്രമണം; മന്ത്രി വീണാ ജോർജിനെതിരെ നടന്നത് വധശ്രമമെന്ന് എഫ്.ഐ.ആർ



കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മന്ത്രിയെ വധിക്കണമെന്ന ഉദ്ദേശത്തോടെ 'കൊല്ലെടാ' എന്ന് ആക്രോശിച്ചാണ് കെ.എസ്.യു പ്രവർത്തകർ എത്തിയതെന്നും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് നേരെ ചാടിവീണ് പരിക്കേൽപ്പിച്ചെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മന്ത്രിയുടെ ഗൺമാൻ എം.എസ്. അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.


വന്ദേഭാരത് എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പോകാനായി സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചെത്തിയ അഞ്ചംഗ സംഘം സുരക്ഷാവലയം ഭേദിച്ച് മന്ത്രിക്ക് നേരെ ചാടിവീഴുകയായിരുന്നു. തടയാൻ ശ്രമിച്ച ഗൺമാനെ അക്രമികൾ മർദ്ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ച് പ്രവർത്തകരെയും കോടതി റിമാൻഡ് ചെയ്തു.


ആക്രമണത്തെത്തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ നിലവിൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായും എം.ആർ.ഐ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ ആവശ്യമാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.


മന്ത്രിക്കുനേരെയുള്ള ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം സി.പി.ഐ.എം-കോൺഗ്രസ് സംഘർഷം രൂക്ഷമായി. കണ്ണൂർ ഡി.സി.സി ഓഫീസിനു നേരെ കല്ലേറുണ്ടാവുകയും കൊടിയേരിയിലെ കോൺഗ്രസ് ഓഫീസ് തീയിട്ടു നശിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ സി.പി.ഐ.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും ഉൾപ്പെടെ വിവിധയിടങ്ങളിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. 

Post a Comment

Whatsapp Button works on Mobile Device only