കൊയിലാണ്ടി: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരെയും വിദ്യാർഥികളാണെന്ന് തിരിച്ചറിഞ്ഞു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അവനിക (14), അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പാർഥിവ് (16) എന്നിവരാണ് ദാരുണമായി മരിച്ചത്.
തിരുവങ്ങൂർ പാണംകുളംകുനി സുരേഷിന്റെ മകളാണ് അവനിക. തിരുവങ്ങൂർ കോഴിപ്പറമ്പത്ത് സുധീഷിന്റെ മകനാണ് പാർഥിവ്.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തെ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെന്നൈ എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് മൃതദേഹങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്കും മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിദ്യാർഥികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് സഹപാഠികളും നാടും.

Post a Comment