മീഞ്ചന്തയിൽ പിതാവിന്റെ മർദ്ദനമേറ്റ് മകൻ മരിച്ചു. മീഞ്ചന്ത ബേപ്പൂർ റോഡിൽ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന മിസ്ഹാബ് (31) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ലഹരി ഉപയോഗത്തിന് അടിമയായ മിസ്ഹാബ് നാട്ടുകാരോടും വീട്ടുകാരോടും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇന്ന് രാവിലെയും വീട്ടിലെത്തി ബഹളമുണ്ടാക്കിയ മിസ്ഹാബും പിതാവ് ഉമ്മർകോയയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
മർദ്ദനത്തിനിടയിൽ സാരമായി പരിക്കേറ്റ് നിലത്തുവീണ മിസ്ഹാബിനെ സഹോദരങ്ങൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകന്റെ മർദ്ദനത്തിൽ പിതാവ് ഉമ്മർകോയക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിരമായി ലഹരി ഉപയോഗിച്ച് മിസ്ഹാബ് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നെന്നും ഇയാളെക്കുറിച്ച് നിരവധി പരാതികൾ നിലവിലുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് പന്നിയങ്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment