ഗാനരചയിതാവും തിരക്കഥാകൃത്തും ഡിജിറ്റൽ ഇൻഫ്ലുവൻസറുമായ ലേഖ അംബുജാക്ഷൻ അന്തരിച്ചു. കാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. മരണവാർത്ത ഭർത്താവ് അംബുജാക്ഷൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
2019-ൽ ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മുട്ടായിക്കള്ളനും മമ്മാലിയും' എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത് ലേഖയായിരുന്നു. കുട്ടികളുടെ സംരക്ഷണവും പ്രകൃതിയോടുള്ള അവരുടെ സമീപനവുമായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.
കാൻസറിനെതിരെയുള്ള പോരാട്ടവും അതിജീവന യാത്രകളും ലേഖയും ഭർത്താവും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവെച്ചിരുന്നു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ലേഖ ആശുപത്രിവാസവും ആരോഗ്യവിവരങ്ങളും വീഡിയോകളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. പലപ്പോഴും രോഗാവസ്ഥ ഗുരുതരമായിട്ടും കരുത്തോടെ തിരിച്ചുവന്ന ലേഖയുടെ അപ്രതീക്ഷിത വിയോഗം സോഷ്യൽ മീഡിയ ലോകത്തെ വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
ലേഖയുടെ വിയോഗത്തിൽ നടി സീമ ജി. നായർ ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. "ജീവിതത്തിൽ ഇത്രയും നല്ലൊരു പങ്കാളിയെ ലഭിക്കുക എന്നത് അപൂർവ്വം ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. ഇവരുടെ സ്നേഹം കണ്ട് ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിയിട്ടുണ്ടാകാം," എന്ന് സീമ ജി. നായർ വികാരഭരിതയായി കുറിച്ചു. ഈ വലിയ ദുഃഖത്തിൽ നിന്ന് കരകയറാൻ ഭർത്താവ് അമ്പുവിനും മക്കൾക്കും ഈശ്വരൻ ശക്തി നൽകട്ടെ എന്നും അവർ പ്രാർത്ഥിച്ചു.

Post a Comment