Saturday, October 10, 2026

​ഡൽഹിയിലെ പോലീസ് അതിക്രമം: പൂനൂരിൽ സി.പി.ഐ.എം പ്രതിഷേധ പ്രകടനം നടത്തി

 


​പൂനൂർ: ഡൽഹിയിൽ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ പ്രതിപക്ഷ ജനനേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് പൂനൂരിൽ സി.പി.ഐ.എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.


​മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ പക്ഷപാതപരമായ നിലപാടുകൾക്കും ക്രമക്കേടുകൾക്കുമെതിരെ ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് നടുക്കുന്ന അടിച്ചമർത്തൽ അഴിച്ചുവിട്ടത്. കേരള ഹൗസിനുമുന്നിൽ നിന്നും ജന്തർമന്തറിലേക്ക് മാർച്ച് ആരംഭിക്കും മുൻപ് തന്നെ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.വി. ഗോവിന്ദൻ, വൃന്ദ കാരാട്ട്, പി.കെ. ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സമരസ്ഥലത്ത് എത്തിയ മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയുണ്ടായി. ജനങ്ങളുടെ മൗലികാവകാശങ്ങളും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും കവർന്നെടുക്കുന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ ഈ ഫാസിസ്റ്റ് നടപടിക്കെതിരെയാണ് പൂനൂരിൽ പ്രതിഷേധം അലയടിച്ചത്.  

​പൂനൂർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ലോക്കൽ സെക്രട്ടറി അജിത്ത് കുമാർ,ടിസി രമേശൻ മാസ്റ്റർ എം കെ സുരേഷ്, എന്നിവർക്കൊപ്പം പാർട്ടി പ്രവർത്തകരും അനുഭാവികളും അണിനിരന്നു. തുടർന്ന് ചേർന്ന പ്രതിഷേധ യോഗത്തിൽ ഡൽഹിയിലെ ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ വിമർശനമുയർന്നു. ജനനേതാക്കളെ അറസ്റ്റ് ചെയ്ത് ജാഥയും സമരവും ഇല്ലാതാക്കാം എന്ന് കേന്ദ്ര സർക്കാർ കരുതേണ്ടെന്നും, ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ഏകാധിപത്യ ഭരണാധികാരികൾക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

Post a Comment

Whatsapp Button works on Mobile Device only