Monday, October 26, 2026

പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു; ഇ.ഡിക്കും വിജിലൻസിനും കനത്ത തിരിച്ചടി

 


മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത കോടതി, കേസിലെ എഫ്.ഐ.ആർ പ്രകാരമുള്ള തുടർനടപടികൾ പാടില്ലെന്നും കർശന നിർദ്ദേശം നൽകി. സംസ്ഥാന സർക്കാരിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി) എതിർപ്പുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക നടപടി. ഇത് ഇ.ഡിക്കും വിജിലൻസിനും ഒരുപോലെ കനത്ത തിരിച്ചടിയായിരിക്കുകയാണ്.

​കേസിൽ ഇ.ഡിക്കും വിജിലൻസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിംഗിൾ ബെഞ്ച് വിധിയിലെ നിയമപ്രശ്നങ്ങൾ വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടതി, നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടു. ഇതിനുശേഷമായിരിക്കും കേസിൽ വിശദമായ വാദം കേൾക്കുക.

​ഹർജിക്കാരനായ കെ.എം. ഷാജഹാനു രൂക്ഷവിമർശനം

കേസിലെ ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. "കോടതിയെ പഠിപ്പിക്കാൻ കെ.എം. ഷാജഹാൻ വരേണ്ടതില്ല" എന്ന് വ്യക്തമാക്കിയ കോടതി, ഹർജി നൽകാൻ എന്തവകാശമാണ് ഉള്ളതെന്ന് ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടു.

​ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യേണ്ട നിയമപരമായ നടപടിക്രമങ്ങളും കോടതി ഓർമ്മിപ്പിച്ചു. "ആദ്യം പൊലീസിന് പരാതി നൽകണം, തുടർന്ന് നടപടിയുണ്ടായില്ലെങ്കിൽ ഉന്നത അധികാരികളെ സമീപിക്കണം. അതിനുശേഷമാണ് സ്വകാര്യ അന്യായവുമായി മജിസ്‌ട്രേറ്റിനെ സമീപിക്കേണ്ടത്. ഈ ക്രിമിനൽ നടപടിക്രമങ്ങൾ അഴിമതിക്കേസുകൾക്കും ബാധകമല്ലേ?" എന്ന് ഷാജഹാനോട് കോടതി ചോദിച്ചു. ഇ.ഡി നൽകിയ ഒരു കത്തിൽ പുറത്തുനിന്നുള്ള ഒരാൾക്ക് എങ്ങനെ പരാതി നൽകാനാകുമെന്നും കോടതി ആരാഞ്ഞു.

​"മാധ്യമ പിന്തുണ ഹൈക്കോടതിക്ക് ബാധകമല്ല"

"മാധ്യമങ്ങൾ നിങ്ങളെ പിന്തുണച്ചേക്കാം, എന്നാൽ അത് ഹൈക്കോടതിക്ക് ബാധകമല്ല" എന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, രാജ്യത്തെ പൗരന്മാർക്ക് നിയമപരമായ അവകാശങ്ങളുണ്ടെന്നും ഓർമ്മിപ്പിച്ചു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അന്തിമമല്ലെന്നും, അതിനു മുകളിൽ ഡിവിഷൻ ബെഞ്ചും അതിനും മുകളിൽ സുപ്രീം കോടതിയും ഉണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

Post a Comment

Whatsapp Button works on Mobile Device only