പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ 168 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ. തൃശൂർ പാറപ്പുറം പനലാപ്പിൽ മുഹമ്മദ് ഫൈസൽ (35), കൊല്ലം കോട്ടുക്കൽ മഞ്ഞപ്പാറ സാഹില (29) എന്നിവരെയാണ് പന്നിയങ്കര പോലീസ് ബംഗളൂരുവിൽ വെച്ച് പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് ഒളവണ്ണ സ്വദേശി കെ.സി. നവാസിനെ പന്നിയങ്കര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ലഹരിമരുന്ന് സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ബംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ എത്തിച്ചുനൽകുന്നത് മുഹമ്മദ് ഫൈസലും സാഹിലയുമാണെന്ന് നവാസ് പോലീസിന് മൊഴി നൽകിയിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ സാങ്കേതിക പരിശോധനയിലാണ് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഉടൻതന്നെ പന്നിയങ്കര പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment