Friday, September 11, 2026

ബാങ്ക് ജീവനക്കാർ പണിമുടക്കിൽ; മൂന്ന് ദിവസം ബാങ്കിങ് സേവനങ്ങൾക്ക് തടസ്സം

 


ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു. അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

നാളെയും മറ്റന്നാളും ബാങ്ക് അവധിയായതിനാൽ ഇന്നുമുതൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കിങ് സേവനങ്ങളെ പണിമുടക്ക് ബാധിച്ചേക്കും. ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുന്നതിനൊപ്പം ചെക്ക് ക്ലിയറൻസ് ഉൾപ്പെടെയുള്ള സേവനങ്ങളിലും കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്.

പണിമുടക്ക് മൂലം സേവനങ്ങളിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശാഖകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരുടെ പണിമുടക്ക് സേവനങ്ങളെ ബാധിച്ചേക്കാമെന്നും വ്യക്തമാക്കി.

അഞ്ച് ദിവസത്തെ ബാങ്കിങ് സംവിധാനം നടപ്പാക്കണമെന്നത് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ചീഫ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചകൾക്ക് ശേഷവും വിഷയത്തിൽ പരിഹാരമുണ്ടായില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

അഞ്ച് ദിവസത്തെ ബാങ്കിങ് നടപ്പാക്കുന്നതിൽ സർക്കാരും ബാങ്ക് മാനേജ്‌മെന്റും വ്യക്തമായ ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങേണ്ടിവന്നതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ (എഐബിഒസി) ജനറൽ സെക്രട്ടറി രൂപം റോയ് പറഞ്ഞു.

Post a Comment

Whatsapp Button works on Mobile Device only