Friday, September 4, 2026

എകരൂലിന്റെ ഓർമകളെ ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫർ മുഹമ്മദ് റഫീഖ് അന്തരിച്ചു

 


എകരൂൽ: നാടിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ക്യാമറയിൽ പകർത്തി നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ പ്രമുഖ ഫോട്ടോഗ്രാഫർ എകരൂൽ ജങ്ഷനിലെ 'ഡീന സ്റ്റുഡിയോ' ഉടമ മുഹമ്മദ് റഫീഖ് അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം എകരൂലിനും പരിസര പ്രദേശങ്ങൾക്കും തീരാനഷ്ടമായി.

​വർഷങ്ങളായി പ്രദേശത്തെ രാഷ്ട്രീയ, സാംസ്കാരിക, വ്യാപാര മേഖലകളിലെ പ്രധാന സംഭവങ്ങളുടെ മുൻനിരയിൽ റഫീഖിന്റെ സാന്നിധ്യമുണ്ടായിരുന്നു. പൊതുയോഗങ്ങൾ, റാലികൾ, പ്രാദേശിക ആഘോഷങ്ങൾ എന്നിവയുടെ ഓർമകൾ ചിത്രങ്ങളായി സൂക്ഷിക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലർത്തി. എകരൂലിന്റെ ചരിത്രപരമായ വളർച്ചയും സാമൂഹിക മാറ്റങ്ങളും വ്യക്തമാക്കുന്ന അപൂർവ ചിത്രങ്ങളുടെ വൻ ശേഖരം തന്നെ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.

​നാട്ടിലുണ്ടാകുന്ന പ്രധാന സംഭവങ്ങളുടെ വാർത്താചിത്രങ്ങൾക്കായി മാധ്യമപ്രവർത്തകർ പ്രധാനമായും ആശ്രയിച്ചിരുന്നത് റഫീഖിനെയായിരുന്നു. വർഷങ്ങൾക്ക് മുമ്പുള്ള അപൂർവ ചിത്രങ്ങൾ പോലും ആവശ്യക്കാർക്ക് കൃത്യമായി കണ്ടെത്തി നൽകാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

​തൊഴിലിനോടുള്ള പ്രതിബദ്ധതയ്ക്കൊപ്പം സൗഹൃദപരമായ ഇടപെടലുകളും ലാളിത്യം നിറഞ്ഞ പെരുമാറ്റവുമാണ് റഫീഖിനെ ഏവർക്കും പ്രിയങ്കരനാക്കിയത്. തോളിൽ ക്യാമറയുമായി നാടിന്റെ നാഡിമിടിപ്പുകൾ ഒപ്പിയെടുത്ത ജനകീയനായ ഫോട്ടോഗ്രാഫറുടെ വേർപാടിൽ പ്രദേശം ഒന്നാകെ ദുഃഖത്തിലാണ്.


Post a Comment

Whatsapp Button works on Mobile Device only