റിപ്പോർട്ടർ ടി.വി ന്യൂസ് ഡസ്കിൽ പോലീസ് ബലമായി കടന്നുകയറുകയും തത്സമയ വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻ്റ് മീഡിയാ പേഴ്സൺസ് യൂണിയൻ (IRMU) സംസ്ഥാന കമ്മിറ്റി. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സംഘടന കുറ്റപ്പെടുത്തി.
ഭരണഘടനാധിഷ്ഠിതമായ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ ഉണ്ടാകുന്ന ഇത്തരം സ്വേച്ഛാധിപത്യപരമായ അതിക്രമങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിന്നും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന അധികൃതരുടെ നീക്കങ്ങൾക്കെതിരെ ശക്തമായ നിയമ-ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും ന്യൂസ് ഡസ്കിൽ അതിക്രമിച്ചു കയറിയ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ. ഹാരിസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡി. ദിപേഷ് ബാബു എന്നിവരാണ് പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചത്.

Post a Comment