രാജ്യത്ത് പഞ്ചസാരവില കുതിച്ചുയരുന്നതിനിടയിൽ, വിലക്കയറ്റത്തെ ന്യായീകരിച്ച് മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ കൈലാഷ് വിജയവർഗിയ. പഞ്ചസാരയ്ക്ക് വിപണിയിൽ ഇനിയും വില വർദ്ധിക്കണമെന്നും 40 വയസ്സ് കഴിഞ്ഞവർ പഞ്ചസാര ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നുമാണ് മന്ത്രിയുടെ വിചിത്ര വാദം. പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
40 വയസ്സിന് മുകളിലുള്ളവർ പഞ്ചസാര ഒഴിവാക്കി വേണമെങ്കിൽ വല്ലപ്പോഴും ശർക്കര ഉപയോഗിക്കണമെന്നും ആയുർവേദ ഡോക്ടർമാരും ഇതാണ് നിർദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് വേണ്ടി മാത്രമായിരിക്കണം റേഷൻ കടകൾ വഴി കുറഞ്ഞ വിലയ്ക്ക് പഞ്ചസാര നൽകേണ്ടതെന്നും മുതിർന്നവർക്ക് അത് നൽകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 26-ലെ സർക്കാർ കണക്കുകൾ പ്രകാരം പഞ്ചസാരവില കിലോയ്ക്ക് 65.05 രൂപയിലെത്തി നിൽക്കുന്ന സമയത്താണ് മന്ത്രിയുടെ ഈ പ്രസ്താവന.
മന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഹസിക്കുകയാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി കുറ്റപ്പെടുത്തി. ജനങ്ങളുടെ മുറിവിൽ ഉപ്പുപുരട്ടുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജസ്വിന്ദർ സിങ് പ്രതികരിച്ചു.

Post a Comment