ഉള്ളിയേരി: മിന്നൽ പ്രളയം ദുരന്തം വിതച്ച നേപ്പാളിൽ കുടുങ്ങിയ ഉള്ളിയേരി സ്വദേശികളായ വിനോദയാത്രാ സംഘം സുരക്ഷിതരാണെന്ന് വിവരങ്ങൾ ലഭ്യമായി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 42 അംഗ സംഘമാണ് യാത്രയിലുള്ളത്. ബാലുശ്ശേരിയിലെ സ്വകാര്യ ടൂർ ഏജൻസി വഴി ഇക്കഴിഞ്ഞ 21-നാണ് സംഘം നേപ്പാളിലേക്ക് തിരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി നേപ്പാളിലെ പൊക്രയിൽ തങ്ങിയിരുന്ന സംഘം വ്യാഴാഴ്ച കാഠ്മണ്ഡുവിലേക്ക് പോകാനിരിക്കെയാണ് പ്രളയത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടത്. നിലവിൽ ഉള്ള ബദൽ പാതകൾ സൈന്യത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് മാത്രമായി മാറ്റിവെച്ചിരിക്കുകയാണ്. ഇതോടെ യാത്ര തുടരാനാവാതെ സംഘം പൊക്രയിലെ ഹോട്ടലിൽ തന്നെ തുടരുകയാണ്.
ടൂർ സംഘത്തോടൊപ്പം സ്വന്തമായി പാചകക്കാർ ഉള്ളതിനാൽ ഭക്ഷണത്തിനോ മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കോ തടസ്സമില്ലെന്ന് സംഘത്തിലുണ്ടായിരുന്ന ഉള്ളിയേരി മാമ്പൊയിൽ സ്വദേശി രഞ്ജിത്ത് മാസ്റ്റർ അറിയിച്ചു. റോഡ് ഗതാഗതം പുനഃസ്ഥാപിച്ചാലുടൻ നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ് പ്രതീക്ഷ. സംഭവം അറിഞ്ഞതിനെ തുടർന്ന് വി.ടി. സൂരജ് എം.എൽ.എ സംഘത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

Post a Comment